15 വർഷങ്ങൾക്കുശേഷം മോഹൻലാലും ശോഭനയും വീണ്ടും ഒരുമിക്കുന്നു; തരുൺ മൂർത്തി ചിത്രം 22ന് ആരംഭിക്കും

L360

മലയാളത്തിലെ സൂപ്പർ ഹിറ്റ് താരജോഡികളായ മോഹൻലാലും ശോഭനയും വീണ്ടും ഒരുമിക്കുന്നു. തരുൺ മൂർത്തി സംവിധാനംചെയ്യുന്ന പുതിയ ചിത്രത്തിലാണ് മോഹൻലാലും ശോഭനയും വീണ്ടുമൊന്നിക്കുന്നത്. നീണ്ട ഇടവേളയ്‌ക്ക് ശേഷം മോഹൻലാലിന്റെ നായികയായി മലയാളത്തിലേക്ക് തിരിച്ചുവരുന്നു എന്ന വാർത്ത സമൂഹ മാദ്ധ്യമങ്ങളിലൂടെ ശോഭന തന്നെയാണ് പങ്കുവച്ചത്.

അവിടത്തെപോലെ ഇവിടെയും, അനുബന്ധം, പടയണി, എന്റെ എന്റേതുമാത്രം, ടി.പി. ബാലഗോപാലൻ എം.എ, വാസ്തുഹാര, അഭയംതേടി, ശ്രദ്ധ, അഴിയാത്ത ബന്ധങ്ങൾ, മാമ്പഴക്കാലം, പക്ഷേ, ഉള്ളടക്കം, വെള്ളാനകളുടെ നാട്, മായാമയൂരം, മിന്നാരം, പവിത്രം, നാടോടിക്കാറ്റ്, തേന്മാവിൻകൊമ്പത്ത്, മണിച്ചിത്രത്താഴ് തുടങ്ങി ഇതുവരെ 56 ചിത്രങ്ങളിലാണ് ഇരുവരും നായികാനായകന്മാരായി അഭിനയിച്ചത്. 

പതിനഞ്ചുവർഷത്തിനുശേഷമാണ് ഇപ്പോൾ മോഹൻലാലും ശോഭനയും വീണ്ടും ഒരുമിക്കുന്നത്. 2009-ൽ റിലീസ് ചെയ്ത സാ​ഗർ ഏലിയാസ് ജാക്കിയിലാണ് ഇതിനുമുൻപ് ഒന്നിച്ച് അഭിനയിച്ചത്. പക്ഷെ ചിത്രത്തിൽ മനോജ് കെ ജയനാണ് ശോഭനയുടെ ജോഡി. 2004ൽ പുറത്തിറങ്ങിയ ‘മാമ്പഴക്കാലത്തി’ലാണ് ഇതിനു മുമ്പ് ഇരുവരും ജോഡികളായി പ്രത്യക്ഷപ്പെട്ടത്. അനൂപ് സത്യൻ രചനയും സംവിധാനവും നിർവഹിച്ച വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ് നാലു വർഷം മുൻപ് മലയാളത്തിൽ ശോഭന അവസാനമായി അഭിനയിച്ചത്. 

തരുൺ മൂർത്തിയും സുനിലും ചേർന്ന് തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തിൽ പ്രമുഖ പരസ്യ ചിത്ര സംവിധായകനും നിർമ്മാതാവുമായ പ്രകാശ് വർമ്മയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഏപ്രിൽ 22ന് ചിത്രീകരണം ആരംഭിക്കും. മണിയൻപിള്ള രാജു, ബിനു പപ്പു, ഇർഷാദ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. കഥ. കെ. ആർ. സുനിൽ.

ഷാജി കുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത് .കലാസംവിധാനം -ഗോകുൽദാസ്. മേക്കപ്പ് - പട്ടണം റഷീദ്, കോസ്റ്റ്യും ഡിസൈൻ - സമീറ സനീഷ്.
രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്ത് ആണ് നിർമ്മാണം.