മണവാളനും ദശമൂലവും പോഞ്ഞിക്കരയും, സിനിമകളെക്കാൾ വളർന്ന ഷാഫി കഥാപത്രങ്ങൾ; മലയാള സിനിമയുടെ ചിരി വറ്റുമ്പോൾ ?

Manavalan Dasamoolam and Ponjikkara Shafi's movie characters
Manavalan Dasamoolam and Ponjikkara Shafi's movie characters

കണ്ണൂർ: ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ തിയേറ്ററിലെത്തുന്ന സാധാരണക്കാരായ പ്രേക്ഷകരെ രണ്ടര മണിക്കൂർ കുടുകുടാ ചിരിപ്പിച്ചു ടെൻഷൻ ഫ്രീയാക്കി വിടുന്നതായിരുന്നു ഷാഫിയുടെ ചിത്രങ്ങൾ. ഷാഫി ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ട്രോളുകളായും റീൽസായുമൊക്കെ അതിൻ്റെ സന്ദർഭത്തിൽ നിന്നും മോചനം പ്രാപിച്ചു സോഷ്യൽ മീഡിയയിൽ ഇപ്പോഴും പ്രചരിക്കുന്നതും അതുകൊണ്ടുതന്നെയാണ്. 

മലയാളി തൻ്റെ പല ജീവിത സന്ദർഭങ്ങളിലും ഓർക്കുന്നതും പറഞ്ഞു പോകുന്നതും ഷാഫി ചിത്രങ്ങളിലെ ഹാസ്യ കഥാപാത്രങ്ങളുടെ ഡയലോഗുകളാണ്. എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ, തളരരുത് രാമൻകുട്ടി തുടങ്ങി സലീം കുമാർ മുതൽ ദശമൂലം ദാമുവായി നിറഞ്ഞാടിയ സുരാജ് വരെ പറയുന്ന ഡയലോഗുകൾ സിനിമയെക്കാൾ വലിയ ഹിറ്റുകളായി ഇപ്പോഴും സോഷ്യൽ മീഡിയയിൽ ഓടിക്കൊണ്ടിരിക്കുകയാണ്.

shafi parambil

തൻ്റെ കരിയറില്‍ ചെയ്ത 18 സിനിമകളിലും നര്‍മ്മത്തിന്‍റെ വഴിയേ സഞ്ചരിച്ച സംവിധായകനായിരുന്നു ഷാഫി. കോമഡ‍ി ചിത്രങ്ങള്‍ പ്രേക്ഷകരുമായി സംവദിക്കണമെങ്കിൽ നായകന്‍ മാത്രം നന്നായതുകൊണ്ടായില്ലെന്ന് അദ്ദേഹം വിശ്വസിച്ചു. ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളിലാണ് കോമഡി വര്‍ക്കാവുന്നതെന്ന് തിരിച്ചറിഞ്ഞ പ്രേക്ഷകരുടെ മനസറിഞ്ഞ സിനിമകളായിരുന്നു അതൊക്കെ.

അതിനാല്‍ത്തന്നെ ഷാഫിക്കുവേണ്ടി റാഫി മെക്കാര്‍ട്ടിനും ബെന്നി പി നായരമ്പലവും ഉദയകൃഷ്ണയും സിബി കെ തോമസും അടക്കമുള്ളവര്‍ എഴുതിയ തിരക്കഥകളില്‍ അത്തരത്തിലുള്ള നിരവധി രസികന്‍ കഥാപാത്രങ്ങളും ഉണ്ടായിരുന്നു. വെറുതെ ഒരു തവണ കണ്ട് ചിരിച്ച് മറക്കാനുള്ളതായിരുന്നില്ല ആ കഥാപാത്രങ്ങളൊന്നും തന്നെ. പ്രേക്ഷകനൊപ്പം അയാളുടെ മനസ്സിൽ കടന്നു കൂടി തീയേറ്ററിന് പുറത്തും അവർ സഞ്ചരിച്ചു.

Manavalan Dasamoolam and Ponjikkara Shafi's movie characters

ശാരീരികമായ കരുത്തുണ്ടെന്ന് വിശ്വസിച്ച് ഏത് ടാസ്കും ഒറ്റയ്ക്ക് ഏറ്റെടുത്ത് എപ്പോഴും പരാജയപ്പെടാറുള്ള മിസ്റ്റര്‍ പോഞ്ഞിക്കരയെയും (കല്യാണരാമന്‍) നാക്കിന്‍റെ ബലത്തില്‍ ജീവിക്കുന്ന സ്രാങ്കിനെയും (മായാവി) ഭയം അനുഭവിച്ച് ചിരി വിതറിയ ദശമൂലം ദാമുവിനെയും (ചട്ടമ്പിനാട്) ഫൈനാന്‍ഷ്യറായ മണവാളനെയുമൊന്നും (പുലിവാല്‍ കല്യാണം) മലയാളി സിനിമ കാണുന്ന കാലത്തോളം മറക്കില്ല.

കാലം ചെന്നപ്പോള്‍ അതാത് സിനിമകളിലെ നായകന്മാരേക്കാള്‍ പ്രേക്ഷകര്‍ ആഘോഷിച്ചത് ഈ കഥാപാത്രങ്ങളെയാണ് സിനിമകളുടെ മൊത്തം കഥയേക്കാള്‍ എപ്പിസോഡ് സ്വഭാവത്തില്‍ സന്ദർഭങ്ങൾ അടര്‍ത്തിയെടുത്താലും, ചിരിക്കാന്‍ ആവോളമുണ്ടാവുമെന്നതായിരുന്നു ഷാഫി അടക്കമുള്ള സംവിധായകരുടെ സിനിമകളിലെ പ്രത്യേകത.  ചട്ടമ്പി നാടിലെ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ദശമൂലം ദാമുവിനെ നായകനാക്കി ഒരു സിനിമയൊരുക്കണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് ഷാഫി വിടവാങ്ങുന്നത്. 

വളരെ ലളിതമായ പശ്ചാത്തലത്തിൽ സാധാരണക്കാർക്കായി കഥ പറഞ്ഞ സംവിധായകനായിരുന്നു ഷാഫി. സിനിമയുടെ വ്യാകരണത്തിൽ നർമം മാത്രം കണ്ട ഷാഫിയുടെ വിയോഗം ജനപ്രീയ സിനിമാ ലോകത്ത് കനത്ത നഷ്ടം തന്നെയാണ്.