ഹോളിവുഡ് വൈബിൽ സൂര്യയുടെ 'കങ്കുവ'; വൈറലായി ടീസർ..

kanguva

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സൂര്യയുടെ ചിത്രമാണ്  'കങ്കുവ'. ഇപ്പോഴിതാ ആരാധകരുടെ ആവേശം കൂട്ടാൻ സൂര്യ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം 'കങ്കുവ'യുടെ ത്രില്ലടിപ്പിക്കുന്ന ടീസർ പുറത്തിറങ്ങിക്കഴിഞ്ഞു. ഒരു മിനിറ്റിന് താഴെ ദൈർഖ്യമുള്ള ടീസർ ഹോളിവുഡ് വൈബിലാണ് ചിത്രീകരിച്ചിരിക്കുന്നത്. 

സൂര്യയും വില്ലൻവേഷം ചെയ്യുന്ന ബോബി ഡിയോളും അവരുടെ സൈന്യവും തമ്മിലുള്ള ദ്വന്ദ്വയുദ്ധമാണ് ടീസറിലൂടെ കാണിക്കുന്നത്. ടീസർ ഇറങ്ങി നിമിഷങ്ങൾക്കകം തന്നെ ലക്ഷക്കണക്കിന് പ്രേക്ഷകരാണ് വീഡിയോ കണ്ടിരിക്കുന്നത്. 

ശിവ സംവിധാനം ചെയ്യുന്ന ചിത്രം പീരിയോഡിക് ത്രീഡി ചിത്രമായാണ് എത്തുന്നത്. പ്രാചീന കാലഘട്ടത്തിലെ കഥ പറയുന്ന ചിത്രം ഒരുക്കിയിരിക്കുന്നത് മൂന്നൂറ് കോടി ബജറ്റിലാണ്. സൂര്യ കങ്കുവ എന്ന ടൈറ്റില്‍ കഥാപാത്രമായി എത്തുമ്പോൾ പെരുമാച്ചി എന്ന കഥാപാത്രത്തെയാണ് ബോബി ഡിയോൾ അവതരിപ്പിക്കുന്നത്.

ദിഷാ പഠാണിയാണ് നായിക. ഈ വർഷം പകുതിയോടെ എത്തുന്ന സിനിമ 38 ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്. ദേവി ശ്രീ പ്രസാദാണ് കങ്കുവയുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. വിവേകയും മദൻ കർക്കിയും ചേർന്നാണ് ഗാനരചന. സുപ്രീം സുന്ദറാണ് സംഘട്ടനസംവിധാനം. യു.വി. ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ.ഇ. ജ്ഞാനവേൽ രാജയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.