ജോജു ജോര്‍ജിന് പരിക്കേറ്റത് 'തഗ് ലൈഫ്' ചിത്രീകരണത്തിനിടയിലല്ല

joju

നടന്‍ ജോജു ജോര്‍ജിന് കാലിന് പരിക്കേറ്റ സംഭവം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. മണിരത്‌നം സംവിധാനം ചെയ്യുന്ന തഗ് ലൈഫ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് നടന് പരിക്കേറ്റത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സിനിമയുടെ ചിത്രീകരണത്തിനിടയിലല്ല നടന് പരിക്കേറ്റത് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
അദ്ദേഹത്തിന് പരിക്കേറ്റു, എന്നാല്‍ അത് ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടയിലല്ല. ഏറെ വേദനയെടുത്തിട്ടും അദ്ദേഹം തന്റെ രംഗങ്ങള്‍ മനോഹരമായി തന്നെ ചെയ്തു. അതില്‍ തങ്ങള്‍ക്ക് നന്ദിയുണ്ടെന്ന് സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായ ശിവ ആനന്ദ് ഇ ടൈംസിനോട് പ്രതികരിച്ചു. സിനിമയുടെ സ്റ്റണ്ട് കൊറിയോഗ്രാഫേഴ്‌സായ അന്‍പറിവും നടന് പരിക്കേറ്റത് ചിത്രീകരണത്തിനിടയിലല്ലെന്ന് സ്ഥിരീകരിച്ചു.
പോണ്ടിച്ചേരിയില്‍ കമല്‍ഹാസനൊപ്പം ഹെലികോപ്റ്ററിലെ രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതിനിടെ ജോജു ജോര്‍ജിന് പരിക്കേറ്റതായും തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവെച്ചതായുമാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. സിനിമയില്‍ സുപ്രധാനമായ കഥാപാത്രത്തെയാണ് ജോജു അവതരിപ്പിക്കുന്നത്. മലയാളി താരം ഐശ്വര്യ ലക്ഷ്മിയും തഗ് ലൈഫിന്റെ ഭാഗമാണ്.

Tags