30 വർഷങ്ങൾക്ക് ശേഷം കാന്‍ ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ഇന്ത്യന്‍ സിനിമ

film

30 വർഷത്തെ ഇടവേളയ്ക്ക് ശേഷം കാൻ ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് മറ്റൊരു ഇന്ത്യൻ ചിത്രം. പായൽ കപാഡിയ സംവിധാനം ചെയ്യുന്ന ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രമാണ് കാൻ ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഷാജി എന്‍. കരുണ്‍ സംവിധാനംചെയ്ത് 1994-ല്‍ പുറത്തിറങ്ങിയ സ്വം ആണ് ഇതിനുമുമ്പ് കാന്‍ ചലച്ചിത്രമേളയില്‍ പാം ഡിയോര്‍ പുരസ്‌കാരത്തിനായി മത്സരിച്ചത്.

പായലിന്റെ ആദ്യ ഫീച്ചർ ഫിലിമാണ് ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’. ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ് കാനില്‍ മത്സരിക്കുന്നുവെന്ന് ചലച്ചിത്രമേളയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫ്രാന്‍സിസ് ഫോര്‍ഡ് കോപ്പോള, ഷോണ്‍ ബേക്കര്‍, യോര്‍ഗോസ് ലാന്തിമോസ്, പോള്‍ ഷ്രെയ്ഡര്‍, മാഗ്‌നസ് വോണ്‍ ഹോണ്‍, പൗലോ സൊറെന്റീനോ തുടങ്ങിയ പ്രഗത്ഭരുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് പായലിന്റെ ചിത്രവും മത്സരിക്കുക.

മുംബൈയിലെ രണ്ട് നഴ്സുമാരുടെ ജീവിതമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. കനി കുസൃതി, ദിവ്യപ്രഭ എന്നീ മലയാളി നടിമാരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.