ഇന്ത്യൻ 2' ജൂലൈ 12ന് തിയേറ്ററുകളിൽ

indian 2

എതിരാളിയുടെ തൊടുമർമ്മം നോക്കിയുള്ള മർമ്മകല വിദ്യകളുമായി വിസ്മയിപ്പിക്കാൻ 'ഇന്ത്യൻ' എന്ന ഇതിഹാസ സിനിമയുടെ രണ്ടാം ഭാഗമായ 'ഇന്ത്യൻ 2'വിൽ സേനാപതി വീണ്ടും എത്തുന്നു . ജൂലൈ 12ന് ചിത്രം  റിലീസ് ചെയ്യും. പുതിയ കാലത്തിന്‍റെ എല്ലാ സങ്കേതങ്ങളുടേയും പിൻബലത്തോടെയാണ് രണ്ടാം ഭാഗമെത്തുന്നതെന്നതാണ് പ്രത്യേകത.

200 കോടിയോളം രൂപ മുതൽ മുടക്കിലാണ് ഉലകനായകൻ കമല്‍ഹാസനെ നായകനാക്കി ശങ്കർ ഈ ബ്രഹ്മാണ്ഡ ചിത്രം ഒരുക്കിയിരിക്കുന്നത്. 15 കോടിയായിരുന്നു ആദ്യ ഭാഗത്തിന്‍റെ നിർമ്മാണ ചിലവ്. രണ്ടാം ഭാഗത്തിലും സേനാപതിയായി പ്രേക്ഷകരെ കമൽ ഹാസൻ വിസ്മയിപ്പിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്.

ലൈക്ക പ്രൊഡക്ഷൻസ്, റെഡ് ജയിന്‍റ് മൂവീസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ കാജൽ അഗർവാൾ, സിദ്ധാര്‍ഥ്, എസ് ജെ സൂര്യ, വിവേക്, സാക്കിര്‍ ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡെല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യൻ, വിനോദ് സാഗര്‍, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്‍മാനന്ദം, ബോബി സിംഹ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ഒരുമിക്കുന്നത്. 


ശ്രീ ഗോകുലം മൂവിസാണ് സിനിമയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യുഷൻ പാർട്നർ‍. സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് വ്യാഴാഴ്ച മുതൽ ആരംഭിക്കും. ബുക്ക് മൈ ഷോ, പേ ടിഎം, ക്യാച്ച് മൈ സീറ്റ്, ടിക്കറ്റ് ന്യൂ തുടങ്ങിയ എല്ലാ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെയും ടിക്കറ്റുകൾ ലഭ്യമാകുമെന്നാണ് അറിയാനാകുന്നത്. 

Tags