ഇന്ത്യന്‍ 2 ; ഫസ്റ്റ് ഗ്ലിംസ് നവംബര്‍ 3ന് എത്തും

indian two
indian two

ചെന്നൈ: കമല്‍ ഹാസന്‍- ഷങ്കര്‍ കൂട്ടുകെട്ടിന്റെ ഇന്ത്യന്‍ 2 പുത്തന്‍ അപ്‌ഡേറ്റ് എത്തി. ചിത്രത്തിന്റെ പ്രഖ്യാപനംമുതല്‍ കമല്‍ ഹാസന്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് ലൈക്ക പ്രൊഡക്ഷന്‍സും കമല്‍ ഹാസന്റെ രാജ്കമല്‍ ഫിലിംസും ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസും ചേര്‍ന്നാണ്.

ഇന്ത്യന്‍ 2 ഫസ്റ്റ് ഗ്ലിംസ് നവംബര്‍ 3ന് എത്തും. ഇന്ത്യന്‍ എന്‍ ഇന്‍ട്രോ എന്നായിരിക്കും ഈ ഗ്ലിംസിന്റെ പേര്. കമലിന്റെ ജന്മദിനത്തിന് മുന്നോടിയായിട്ടായിരിക്കും ഈ ദൃശ്യങ്ങള്‍ പുറത്തുവിടുക. ഇതിന്റെ പോസ്റ്റര്‍ ലൈക്ക പ്രൊഡക്ഷന്‍സ് പങ്കുവച്ചിട്ടുണ്ട്. അതേ സമയം ഡബ്ബിംഗ് പുരോഗമിക്കുന്നു എന്ന അപ്‌ഡേറ്റ് നേരത്തെ പുറത്തുവന്നിരുന്നു. ഇത് സംബന്ധിച്ച് ചിത്രത്തിലെ നായകനായ കമല്‍ ഹാസന്‍ ഡബ്ബിംഗ് നടത്തുന്ന ദൃശ്യങ്ങള്‍ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് നേരത്തെ പുറത്തുവിട്ടിട്ടുണ്ട്. സംവിധായകന്‍ ഷങ്കറും ദൃശ്യങ്ങളിലുണ്ട്. അനിരുദ്ധാണ് ഇന്ത്യന്‍ 2വിന് സംഗീതം നല്‍കുന്നത്.

റെക്കോഡ് തുകയ്ക്കാണ് ഇന്ത്യന്‍ 2 ഒടിടി അവകാശം വിറ്റുപോയത് എന്നാണ് നേരത്തെ വന്ന വിവരം. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം ആയ നെറ്റ്ഫ്‌ലിക്‌സ് ആണ് ഇന്ത്യന്‍ 2 ന്റെ ഒടിടി അവകാശം നേടിയിരിക്കുന്നതെന്ന് എന്റര്‍ടെയ്ന്‍മെന്റ് വെബ് സൈറ്റ് ആയ കൊയ്‌മൊയ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. അവര്‍ അടക്കമുള്ള പല ഇംഗ്ലീഷ് മാധ്യമങ്ങളിലും വന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 200 കോടിയാണ് ഡിജിറ്റല്‍ റൈറ്റ്‌സ് വിറ്റ വകയില്‍ ഇന്ത്യന്‍ 2 ന് ലഭിച്ചിരിക്കുന്ന തുക. ഒരു തമിഴ് ചിത്രത്തെ സംബന്ധിച്ച് വലിയ തുകയാണ് ഇതെന്നന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

90 വയസ്സുള്ള സേനാപതി എന്ന കഥാപാത്രമായിട്ടാണ് കമല്‍ഹാസന്‍ ചിത്രത്തില്‍ എത്തുന്നത്. 1996ല്‍ പുറത്തെത്തിയ ഇന്ത്യന്‍ കമല്‍ഹാസന്‍ എന്ന നടന്റെ ക്ലാസിക്ക് സിനിമകളില്‍ ഒന്നാണ്. കമല്‍ഹാസനൊപ്പം ഊര്‍മിള മണ്ഡോദ്കറും മനീഷ കൊയ്രാളയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കമലിനെ ദേശീയ അവാര്‍ഡും ചിത്രം നേടികൊടുത്തിരുന്നു.

Tags