തന്നെ ചിലര്‍ വളഞ്ഞിട്ട് ആക്രമിച്ചു, 'പെയ്ഡ് സെക്രട്ടറി' ആണെന്ന് ചിലര്‍ പ്രചരിപ്പിച്ചു ; അമ്മ വാര്‍ഷിക യോഗത്തില്‍ വേദന പങ്കുവച്ച് ഇടവേള ബാബു

idavela babu

താര സംഘടനയായ 'അമ്മ'യുടെ വാര്‍ഷിക യോഗത്തില്‍ വിഷമം പങ്കുവെച്ച് മുന്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. സമൂഹ മാധ്യമങ്ങളില്‍ തന്നെ ചിലര്‍ വളഞ്ഞിട്ട് ആക്രമിച്ചു. തന്നെ ബലിയാടാക്കിയിട്ടും ഒപ്പമുണ്ടായിരുന്നവര്‍ നിശബ്ദരായി നിന്നു. ആരില്‍ നിന്നും സഹായം കിട്ടിയില്ല. നിയുക്ത ഭരണ സമിതിക്ക് ഇങ്ങനെയൊരു ദുരനുഭവം ഉണ്ടാവരുത് എന്ന് അദ്ദേഹം പറഞ്ഞു.

ഭാരവാഹി തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ താന്‍ 'പെയ്ഡ് സെക്രട്ടറി' ആണെന്ന് ചിലര്‍ പ്രചരിപ്പിച്ചു. എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും വിടവാങ്ങല്‍ പ്രസംഗത്തില്‍ ഇടവേള ബാബു പറഞ്ഞു. ഒപ്പമുണ്ടായിരുന്ന എല്ലാവര്‍ക്കും അദ്ദേഹം നന്ദി പറയുകയും ചെയ്തു.

കാല്‍നൂറ്റാണ്ടായി വിവിധ സ്ഥാനങ്ങളിലായി അമ്മയെ നയിച്ച വ്യക്തിയാണ് ഇടവേള ബാബു. നിരവധി കമ്മിറ്റികള്‍ ഉണ്ടെങ്കിലും സംഘടനാഭാരം ഒറ്റയ്ക്ക് ചുമക്കേണ്ടി വരുന്നത് മൂലമാണ് അദ്ദേഹം സ്ഥാനത്ത് നിന്ന് ഒഴിഞ്ഞത്. നേരത്തെയും അദ്ദേഹം സ്ഥാനമൊഴിയാന്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ മമ്മൂട്ടിയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് അദ്ദേഹം തീരുമാനം മാറ്റുകയായിരുന്നു. 24 വര്‍ഷം അമ്മയുടെ സെക്രട്ടറി, ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് സംഘടനയെ നയിച്ചതിന് ഇടവേള ബാബുവിനെ പൊതുയോഗത്തില്‍ വെച്ച് മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് ആദരിച്ചിരുന്നു.

Tags