ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; കിലിയൻ മർഫി മികച്ച നടൻ

golden globe

കാലിഫോർണിയ: 81ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ഓപ്പണ്‍ഹെയ്മർ ആണ് മികച്ച ചിത്രം. കൂടാതെ സംവിധായകൻ, നടൻ, ഒറിജിനൽ സ്കോർ എന്നിങ്ങനെ മുൻനിര പുരസ്കാരങ്ങളെല്ലാം ഓപ്പണ്‍ഹെയ്മർ സ്വന്തമാക്കി. ചിത്രത്തിലെ പ്രകടനത്തിലൂടെ കിലിയൻ മർഫിയാണ് മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയത്.  

ക്രിസ്റ്റഫർ നോളൻ മികച്ച സംവിധായകനായി. ഒറിജിനൽ സ്കോറിനുള്ള പുരസ്കാരം ഓപ്പണ്‍ഹെയ്മറിലൂടെ ​ലഡ്‌വിഗ് ഗൊരാൻസൺ നേടി. 'കില്ലേർസ് ഓഫ് ദി മൂൺ' എന്ന ചിത്രത്തിലൂടെ ലിലി ​ഗ്ലാഡ്സറ്റൺ മികച്ച നടിയായി. അതേസമയം മ്യൂസിക്കൽ കോമഡി വിഭാഗത്തിൽ ബാർബിയായി വേഷമിട്ട മാർഗറ്റ് റോബിയെ പിന്തള്ളി 'പുവർ തിങ്സി'ലൂടെ എമ്മ സ്റ്റോൺ മികച്ച നടിയായി. മ്യൂസിക്കൽ കോമഡി വിഭാഗത്തിൽ യോർ​ഗോസ് ലാൻതിമോസ് സംവിധാനം ചെയ്ത 'പുവർ തിങ്സ്' ആണ് മികച്ച ചിത്രം.

ഓപ്പൺഹെയ്മറിൽ മികച്ച പ്രകടനം നടത്തിയ റോബർട്ട് ഡൗണി ജൂനിയർ ആണ് മികച്ച സഹനടൻ. മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള പുരസ്കാരം 'അനാറ്റമി ഓഫ് ഫാൾ' സ്വന്തമാക്കി. അനാറ്റമി ഓഫ് ഫാളിലൂടെ ജസ്റ്റിൻ ട്രൈറ്റും ആർതർ ഹരാരിയും മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നേടി.  'ദി ബോയ് ആൻഡ് ദി ഹീറോ' ആണ് മികച്ച അനിമേഷൻ ചിത്രം. 

ദ് ഹോൾഡോവേഴ്സ് എന്ന ചിത്രത്തിലെ മേരി ലാംപ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഡേവാൻ ജോയ് റാൻഡോൾഫ് ആണ് മികച്ച സഹനടി. ഈ വർഷം മുതൽ അവാർഡ് പട്ടികയിൽ പുതിയതായി ഉൾപ്പെടുത്തിയ ബോക്സ് ഓഫിസ് ആൻഡ് സിനിമാറ്റിക് അച്ചീവ്മെന്റ് പുരസ്കാരം ബാർബി സ്വന്തമാക്കി. ബാർബിയിൽ ബില്ലി ഐലിഷ് ആലപിച്ച വാട്ട് വാസ് ഐ മേഡ് ഫോർ എന്ന ഗാനമാണ് ഒറിജനൽ സോങ് ആയി തിരഞ്ഞെടുത്തത്.