ഈ പോക്ക് പോകുകയാണെങ്കിൽ മൂപ്പരുടെ വാപ്പയായി താൻ അഭിനയിക്കേണ്ടി വരുമെന്ന് ദുൽഖർ
dulquer
ഓൺലൈൻ പോർട്ടലായ ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടിയോടൊപ്പമുള്ള ഒരു ചിത്രമെന്നത് നടക്കാത്ത സ്വപ്‌നമൊന്നുമല്ലെന്ന് ദുല്‍ഖര്‍

 മമ്മൂട്ടിയും ദുൽഖറും ഒരുമിച്ചൊരു ചിത്രത്തിൽ അഭിനയിക്കുന്നത് സ്വപ്നം കണ്ടിരിക്കുന്നവരാണ് മലയാളി പ്രേക്ഷകരും. ഇപ്പോഴിതാ, മമ്മൂട്ടിയെക്കുറിച്ച് ദുൽഖർ പറഞ്ഞ രസകരമായൊരു കമന്റാണ് ശ്രദ്ധ നേടുന്നത്. ദുൽഖറിന്റെ പൊട്ടിച്ചിരിപ്പിക്കുന്ന മറുപടി വൈറലാവുകയും ചെയ്തു.

ഓൺലൈൻ പോർട്ടലായ ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടിയോടൊപ്പമുള്ള ഒരു ചിത്രമെന്നത് നടക്കാത്ത സ്വപ്‌നമൊന്നുമല്ലെന്ന് ദുല്‍ഖര്‍ പറയുന്നത്.വർഷം ചെല്ലുന്തോറും പ്രായം കുറഞ്ഞുവരുന്ന മമ്മൂട്ടിയുടെ ഗ്ലാമറിനെക്കുറിച്ചും ദുൽഖർ സംസാരിച്ചു. ഈ പോക്ക് പോകുകയാണെങ്കിൽ മൂപ്പരുടെ വാപ്പയായി താൻ അഭിനയിക്കേണ്ടി വരുമെന്നാണ് ദുൽഖർ പറയുന്നത്.

ആർ. ബൽകി സംവിധാനം ചെയ്ത പാ സിനിമയിൽ അഭിഷേക് ബച്ചൻ, അമിതാഭ് ബച്ചന്റെ അച്ഛനായി അഭിനയിച്ചിരുന്നു. വളരെ സാങ്കൽപ്പികമായി ചോദിക്കുകയാണ്, അത്തരമൊരു പ്രൊജക്റ്റ് താങ്കൾക്കും മമ്മൂക്കയ്ക്കുമായി എത്തിയാൽ എങ്ങനെയാവും പ്രതികരണം? എന്നായിരുന്നു അവതാരകയുടെ ചോദ്യം.

'അദ്ദേഹത്തെ നോക്കൂ, എന്റെ വാപ്പച്ചി. ഞാനിപ്പോഴേ താടി കറുപ്പിക്കാൻ മസ്കാരയൊക്കെ ഇടാൻ തുടങ്ങി. താടിയിൽ ഇടക്കിടയ്ക്ക് പിടിക്കുന്നതുകൊണ്ട് മസ്കാര പറ്റി എന്റെ വിരൽ കറുത്തൊക്കെ ഇരിക്കും. എനിക്ക് എന്തായാലും പ്രായം പ്രകടമാവുന്നുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ കാര്യം അങ്ങനെയല്ല. എനിക്കറിയില്ല ആള് എന്താണ് ചെയ്യുന്നതെന്ന്. ഈ പോക്ക് പോകുകയാണെങ്കിൽ കുറച്ച് നാൾ കഴിഞ്ഞാൽ ഞാൻ മൂപ്പരുടെ വാപ്പയായി അഭിനയിക്കേണ്ടി വന്നെന്ന് ഇരിക്കും, അതും വേറെ മേക്കപ്പ് ഒന്നും കൂടാതെ തന്നെ'–മറുപടിയായി ദുൽഖർ പറഞ്ഞു.

വാപ്പയുടെ ഒരു കടുത്ത ഫാൻ എന്ന നിലയിൽ എനിക്ക് അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ നല്ല ആഗ്രഹമുണ്ട്. പക്ഷെ, അക്കാര്യത്തിൽ അവസാനതീരുമാനം അദ്ദേഹത്തിന്റെതായിരിക്കും. എന്റെ കരിയറിനെ കുറിച്ച് കമന്റുകളൊന്നും വാപ്പ പറയാറില്ലെങ്കിലും ഉമ്മയോട് സംസാരിക്കുന്നതിൽ നിന്നും മറ്റും മനസ്സിലായത്, ഞാനെല്ലാം എന്റേതായ വഴിയെ ചെയ്യുന്നതിൽ അദ്ദേഹത്തിന് ഏറെ അഭിമാനമുണ്ട് എന്നാണെന്നും ദുൽഖർ കൂട്ടിച്ചേർത്തു.

Share this story