ക്ലാസിക് റെഡ് ബ്ലൂ സ്യൂട്ടിൽ പുതിയ 'സൂപ്പര്‍മാൻ'; പരിചയപ്പെടുത്തി സംവിധായകന്‍

superman

ന്യൂയോര്‍ക്ക്: 2025 ല്‍ പുറത്തിറങ്ങുന്ന 'സൂപ്പർമാൻ' ചിത്രത്തിലെ സൂപ്പര്‍മാനെ പരിചയപ്പെടുത്തി സംവിധായകന്‍ ജെയിംസ് ഗണ്‍.  ഇന്‍സ്റ്റഗ്രാം വഴിയാണ് സംവിധായകൻ തന്റെ കഥാപാത്രത്തെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്. 

ക്ലാസിക് റെഡ് ബ്ലൂ സ്യൂട്ടിലാണ് ചിത്രത്തില്‍ പുതിയ സൂപ്പര്‍മാനെ അവതരിപ്പിച്ചിരിക്കുന്നത്. ഡേവിഡ് കോറൻസ്വെറ്റാണ് അടുത്ത ഡിസി സൂപ്പര്‍മാനായി എത്തുന്നത്. ജെയിംസ് ഗണ്‍ സംവിധാനം ചെയ്യുന്ന പുതിയ സൂപ്പര്‍മാന്‍ ചിത്രം 2025 ജൂലൈ 11 നാണ് എത്തുന്നത്. 

ഡിസി യൂണിവേഴ്സ് റീബൂട്ടിന്‍റെ ഭാഗമായാണ് ചിത്രം എത്തുന്നത്. ഗാർഡിയൻ ഓഫ് ദി ഗാലക്‌സി സിനിമകൾ, ദി സൂയിസൈഡ് സ്‌ക്വാഡ് (2021), ഒറിജിനൽ മാക്‌സ് സീരീസ് പീസ്മേക്കർ (2022) എന്നിവ സംവിധാനം ചെയ്‌ത ജെയിംസ് ഗൺ ഡിസി സിനിമാറ്റിക് യൂണിവേഴ്സിന്‍റെ റണ്ണറാണ്. വരാനിരിക്കുന്ന സൂപ്പർഹീറോ സിനിമയുടെ തിരക്കഥയും ഇദ്ദേഹമാണ് എഴുതുന്നത്. 

അക്വാമാൻ സിനിമകളും ദി കൺജറിംഗ് ഫ്രാഞ്ചൈസിയും നിർമ്മിച്ച ഡിസി സ്റ്റുഡിയോസ് കോ-സിഇഒ പീറ്റർ സഫ്രാനാണ് സൂപ്പർമാൻ സഹനിർമ്മാതാവ്. ഏതാണ്ട് 50 വർഷത്തെ ബിഗ് സ്‌ക്രീൻ സൂപ്പര്‍മാന്‍ സിനിമയുടെ ചരിത്രത്തില്‍ മൂന്ന് നടന്മാര്‍ മാത്രമേ സൂപ്പര്‍മാന്‍ കഥാപാത്രമായി അഭിനയിച്ചിട്ടുള്ളൂ. ക്രിസ്റ്റഫർ റീവ് (1978-87), ബ്രാൻഡൻ റൗത്ത് (2006), ഹെൻറി കാവിൽ (2013-2022) എന്നിവരാണ് ഇത്.