രജനി ഫാൻസിന്റെ സൈബർ ആക്രമണം; ആമിറിനും കമലിനുമൊപ്പമുള്ള പോസ്റ്റ് തിരുത്തി വിഷ്ണു വിശാൽ

google news
vishnu vishal

അമീർ ഖാനും കമൽഹാസനുമൊപ്പമുള്ള ചിത്രം പങ്കുവച്ച് പുലിവാലു പിടിച്ചിരിക്കുകയാണ് തമിഴിലെ യുവനടൻ വിഷ്ണു വിശാൽ. ചിത്രത്തോടൊപ്പം 'സൂപ്പർ സ്റ്റാറുകൾ എല്ലാ കാരണങ്ങൾകൊണ്ടും സൂപ്പർ സ്റ്റാറുകളാണ്' എന്ന് കുറിച്ചതാണ് താരത്തെ പൊല്ലാപ്പിലാക്കിയത്. കമലിനെയും അമീറിനെയും സൂപ്പർ സ്റ്റാറുകൾ എന്ന് വിശേഷിപ്പിച്ചത് രജനികാന്ത് ആരാധകർക്ക് അത്ര ഇഷ്ടപ്പെട്ടില്ല. പിന്നാലെ രജനി ഫാൻസിന്റെ കൂട്ട സൈബർ ആക്രമണമാണ് താരം നേരിടേണ്ടി വന്നത്. 

രണ്ടുദിവസം മുമ്പാണ് കമൽഹാസനും ആമിർ ഖാനുമൊപ്പം നിൽക്കുന്ന ചിത്രം വിഷ്ണു വിശാൽ ട്വീറ്റ് ചെയ്തത്. കമൽഹാസന്റെ പിറന്നാൾ ആഘോഷത്തിനിടെ എടുത്തൊരു ചിത്രമായിരുന്നു അത്. ‘‘എല്ലാ പ്രിയപ്പെട്ടവരുമുള്ള പ്രിയപ്പെട്ട ചിത്രം, സൂപ്പര്‍ സ്റ്റാറുകള്‍ എല്ലാ കാരണങ്ങൾ കൊണ്ടും സൂപ്പര്‍ സ്റ്റാറുകളാണ്” എന്നായിരുന്നു ഈ ചിത്രത്തിന് വിഷ്ണു നൽകിയ തലവാചകം. പിന്നാലെ വിഷ്ണുവിനെതിരെ രജനി ആരാധകരിൽ നിന്ന് രൂക്ഷവിമർശനവും പരിഹാസങ്ങളും ഉയർന്നു. രജനികാന്ത് മാത്രമേ സൂപ്പര്‍സ്റ്റാര്‍ എന്ന പദവിക്ക് അര്‍ഹനായിട്ടുള്ളൂ എന്ന വാദം ഉയര്‍ത്തിയാണ് രജനി ആരാധകർ രംഗത്തെത്തിയത്.

സൈബർ ആക്രമണം കടുത്തതോടെ തന്റെ പോസ്റ്റിലെ വാചകത്തിൽ നിന്ന് സൂപ്പർ എന്ന വാക്ക് വിഷ്ണു വിശാൽ നീക്കംചെയ്തു. ഇതോടെയാണ് രജനി ആരാധകർ അടങ്ങിയത്. സ്റ്റാറും സൂപ്പർ സ്റ്റാറും തമ്മിലുള്ള വ്യത്യാസം വിഷ്ണു തിരിച്ചറിഞ്ഞെന്നായിരുന്നു ഒരാൾ പ്രതികരിച്ചത്. രജനികാന്ത് ആരാധകരുടെ ആക്രമണത്തിൽ പോസ്റ്റ് എഡിറ്റ് ചെയ്യാൻ നിർബന്ധിതനായ വിഷ്ണുവിനെയോർത്ത് സഹതാപമുണ്ടെന്നായിരുന്നു വേറൊരു കമന്റ്.

അതേസമയം വിഷ്ണു പോസ്റ്റ് എഡിറ്റ് ചെയ്യേണ്ട ആവശ്യമില്ലായിരുന്നു എന്നഭിപ്രായപ്പെട്ട രജനികാന്ത് ആരാധകരുമുണ്ട്. മുതിർന്ന താരങ്ങളെ പൊതുവേ സൂപ്പർ സ്റ്റാറുകൾ എന്നുവിളിക്കുന്നതിൽ പ്രശ്നമൊന്നുമില്ലെന്നാണ് ഇക്കൂട്ടർ പറയുന്നത്.

ഇതിനുപിന്നാലെ സംഭവത്തിൽ കൂടുതൽ വിശദീകരണവുമായി വിഷ്ണു തന്നെ രം​ഗത്തെത്തി. സൂപ്പർ സ്റ്റാറുകൾ എല്ലാ കാരണങ്ങൾകൊണ്ടും സൂപ്പർ സ്റ്റാറുകളാണെന്ന് അദ്ദേഹം ആവർത്തിച്ചു. ട്വീറ്റ് എഡിറ്റ് ചെയ്തതുകൊണ്ട് ദുർബലനാണെന്ന് കരുതരുത്. സൂപ്പർ താരങ്ങളായ എല്ലാവരേയും താനിഷ്ടപ്പെടുന്നു. സൂപ്പർ സ്റ്റാർ പദവിയുള്ള ഒരാൾ മാത്രമേ ഉണ്ടാവൂ. എല്ലാവരെയും സ്നേഹിക്കുക, സ്നേഹം പ്രചരിപ്പിക്കുക. വെറുപ്പല്ല. ദൈവം അനുഗ്രഹിക്കട്ടെ എന്നും അദ്ദേഹം കുറിച്ചു.