പ്രശസ്ത സഹ സംവിധായകൻ വാൾട്ടർ ജോസ് അന്തരിച്ചു

valter jose

കൊച്ചി: പ്രശസ്ത സഹ സംവിധായകൻ വാൾട്ടർ ജോസ് അന്തരിച്ചു. 56 വയസ്സായിരുന്നു. രോഗബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രശസ്ത ഹാർമോണിയം കലാകാരനായ ജോസിന്റെ മകനാണ് ഇദ്ദേഹം.

സംവിധായകരായ സിദ്ദിഖ് ലാൽ കൂട്ടുകെട്ടിന്‍റെ ശിഷ്യരിൽ പ്രധാനിയായ വാൾട്ടർ ജോസ് മലയാളത്തിലെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ സഹസംവിധാന ചുമതല നിർവ്വഹിച്ചിട്ടുണ്ട്. സിദ്ധിഖ് ലാൽ, ലാൽ ജോസ് , വേണു ( ഛായാഗ്രാഹകൻ ), കലാധരൻ അടൂർ തുടങ്ങിയ സംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. 

അവിവാഹിതനായ വാൾട്ടർ ജോസ് സംവിധായകൻ ലാലിന്റെ പിതൃസഹോദര പുത്രൻ കൂടിയാണ്. മൃതദേഹം കതൃക്കടവ് സിബിഐ റോഡിലുള്ള സഹോദരന്റെ വീട്ടിൽ ഉച്ചവരെ പൊതുദർശനത്തിന് വയ്ക്കും. ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് കതൃക്കടവ് സെന്റ് ഫ്രാൻസിസ് ചർച്ചിലാണ് അന്ത്യകർമ്മങ്ങൾ നടക്കുക.