കഥാപാത്രമായി ഈ മനുഷ്യനോടൊപ്പം നില്‍ക്കുന്ന നിമിഷങ്ങള്‍ അഭിനയ ജീവിതത്തിലെ അമൂല്യ നിമിഷങ്ങളാണ് ; മോഹന്‍ലാലിനെ കുറിച്ച് ഹരീഷ് പേരടി

hareesh peradi
മലൈക്കോട്ടൈ വാലിബനില്‍ മോഹന്‍ലാലിനൊപ്പമുള്ള അനുഭവം പങ്കുവച്ച് ഹരീഷ് പേരടി. കഥാപാത്രമായി ഈ മനുഷ്യനോടൊപ്പം നില്‍ക്കുന്ന നിമിഷങ്ങള്‍ അഭിനയ ജീവിതത്തിലെ അമൂല്യ നിമിഷങ്ങളാണെന്ന് ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ‘മനോഹര മുഹൂര്‍ത്തങ്ങളാണ്, അയാള്‍ ഒരേ സമയം മനുഷ്യനും കഥാപാത്രവുമായിരിക്കും. അനാവശ്യ ഉപദേശങ്ങളില്ല. അനുഭവങ്ങളുടെ വീമ്പിളക്കമില്ല. ഇങ്ങിനെപോയാല്‍ അങ്ങിനെയെത്തും എന്ന കൃത്രിമമായ മാര്‍ഗനിര്‍ദേശങ്ങളില്ല. ഞങ്ങളുടെ കാലമായിരുന്നു കാലം എന്ന പൊങ്ങച്ചമില്ല.

പകരം എന്നെക്കാള്‍ വലിയവര്‍ നിങ്ങളാണെന്ന് നമ്മെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ച് നമ്മളില്‍ വലിയ ആത്മവിശ്വാസം സൃഷ്ടിക്കും. പിന്നെ നമ്മുടെ മുന്നോട്ടുള്ള ചലനവും വേഗതയും താളവും ആദ്യം സന്തോഷത്തോടെ ആസ്വദിക്കുന്ന മനുഷ്യനായി അയാള്‍മാറും. നമ്മളില്‍ നിന്ന് അകന്ന് പോയതിനുശേഷം മാത്രം നമ്മള്‍ അറിയും. നമ്മെ ഒരുപാട് വലിയ പാഠങ്ങള്‍ പഠിപ്പിച്ച് ഗുരുദക്ഷിണ വാങ്ങാതെ പിരിഞ്ഞുപോയ ഗുരുവായിരുന്നു അയാള്‍ എന്ന്… മോഹന്‍ലാല്‍ സാര്‍… പ്രിയപ്പെട്ട ലാലേട്ടന്‍.’ ഹരീഷ് പേരടി കുറിച്ചു.

2024 ജനുവരി 25-നാണ് ‘മലൈക്കോട്ടൈ വാലിബന്‍ തിയേറ്ററുകളിലെത്തുന്നത്. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, മണികണ്ഠന്‍ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വര്‍മ, സുചിത്ര നായര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്. ഇവരെക്കൂടാതെ ഇന്ത്യയിലെ വിവിധ ഭാഷകളിലെ പ്രശസ്തരായ താരങ്ങളും വാലിബനുവേണ്ടി അണിനിരക്കും.

Tags