ബോളിവുഡ് നടി സ്മൃതി ബിശ്വാസ് അന്തരിച്ചു

smriti biswas

മുംബൈ: ആദ്യകാല ബോളിവുഡ് നടി സ്മൃതി ബിശ്വാസ് അന്തരിച്ചു. 100 വയസ്സായിരുന്നു.വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്നായിരുന്നു അന്ത്യം. ഒരുകാലത്ത് ഹിന്ദി, മറാത്തി, ബംഗാളി ചിത്രങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു സ്മൃതി.

ബാലതാരമായി അഭ്രലോകത്ത് എത്തിയ സ്മൃതി മുന്‍നിര സംവിധായകരായ ഗുരുദത്ത്, വി ശാന്താറാം, മൃണാള്‍ സെന്‍, ബിമല്‍ റോയ്, ബിആര്‍ ചോപ്ര, രാജ് കപൂര്‍ എന്നിവരുടെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ദേവ് ആനന്ദ്, കിഷോര്‍ കുമാര്‍, ബല്‍രാജ് സാഹ്നി തുടങ്ങിയവര്‍ക്കൊപ്പം ഒട്ടേറെ ചിത്രങ്ങളില്‍ അഭിനിയിച്ചു. 1930ല്‍ സന്ധ്യ എന്ന ബംഗാളി ചിത്രത്തിലൂടെയായിരുന്നു സിനിമാ പ്രവേശം. 1960ല്‍ റിലീസ് ചെയ്ത മോഡല്‍ ഗേള്‍ ആണ് ആദ്യ ഹിന്ദി ചിത്രം.

സംവിധായകന്‍ എസ്ഡി നരാംഗിനെ വിവാഹം കഴിച്ച ശേഷം സ്മൃതി അഭിനയ രംഗത്തുനിന്നു പിന്‍വാങ്ങി. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് നൂറാം പിറന്നാള്‍ ആഘോഷിച്ചത്. രണ്ടു മക്കളുണ്ട്.