കുട്ടിയാരാധകർക്ക് സർപ്രൈസുമായി കൽക്കി നിർമ്മാതാക്കൾ; 'ബി ആന്‍റ് ബി' 31ന് എത്തും

b and b

പ്രഭാസിന്റെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന  ബ്രഹ്മാണ്ഡ സയൻസ് ഫിക്ഷൻ ചിത്രമാണ് 'കൽക്കി 2898 എഡി'. സിനിമയിലെ നായകനായ പ്രഭാസ് അവതരിപ്പിക്കുന്ന ഭൈരവയുടെ വാഹനമായ ബുജ്ജി ഇതിനോടകം തന്നെ ആരാധകരെ സൃഷ്ട്ടിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ചിത്രത്തിൻറെ കുട്ടിയാരാധകർക്ക് സർപ്രൈസുമായി എത്തിയിരിക്കുകയാണ് ചിത്രത്തിൻറെ നിർമ്മാതാക്കൾ. 

കൽക്കിക്കു മുൻപേ ചിത്രത്തിന്റെ ആനിമേറ്റഡ് എപ്പിസോഡുകള്‍ പുറത്തിറക്കാനാണ് പദ്ധതി. ആമസോൺ പ്രൈം വീഡിയോ 'ബി ആന്‍റ് ബി' (ഭൈരവ ആന്‍റ് ബുജ്ജി) മെയ് 31ന് ആമസോണ്‍ പ്രൈം വീഡിയോ വഴി പുറത്തുവിടും. ഇതിന്റെ പ്രൊമോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

കൽക്കി 2898 എഡി സിനിമയിലെ നായകനായ പ്രഭാസ് അവതരിപ്പിക്കുന്ന ഭൈരവയുടെ വാഹനമാണ് റോബോട്ടിക് വാഹനമായ ബുജ്ജി. ബുജ്ജിക്ക് ശബ്ദം നൽകിയിരിക്കുന്നത് കീർത്തി സുരേഷാണ്. കഴിഞ്ഞ ആഴ്ച്ച ഹൈദരാബാദ് റാമോജി റാവു ഫിലിം സിറ്റിയിൽ നടന്ന ബ്രഹ്മാണ്ഡ ഷോയിലാണ് ബുജ്ജിയെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.

ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 എഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം. ദീപിക പദുകോൺ ചിത്രത്തിൽ പ്രഭാസിന്റെ നായികയായി എത്തുന്നു. അമിതാഭ് ബച്ചനും കമൽ ഹാസനും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ദത്താണ് ചിത്രം നിർമിക്കുന്നത്. കല്‍ക്കി 2898 ഈ വർഷം ജൂൺ 27-നാണ് തിയേറ്ററുകളിൽ എത്തുക.