അന്തരിച്ച ഗായകരുടെ ശബ്ദത്തിൽ പാട്ട്; എ ഐ ഉപയോഗിച്ച് ചരിത്രം സൃഷ്ടിച്ച് എ ആർ റഹ്മാൻ

ai rahman

ഇന്ത്യൻ ചലച്ചിത്ര സം​ഗീതരം​ഗത്ത് എ.ഐ ഉപയോഗിച്ച് ചരിത്രം സൃഷ്ടിച്ച് എ ആർ റഹ്മാൻ. അന്തരിച്ച പ്രശസ്ത ​ഗായകരായ ബംബാ ബാക്കിയ, ഷാഹുൽ ഹമീദ് എന്നിവരുടെ ശബ്ദം എ.ഐ സാങ്കേതികവിദ്യ ഉപയോ​ഗിച്ച് പുനസൃഷ്ടിക്കുകയായായിരുന്നു എ ആർ റഹ്‌മാൻ. ഇരുവരുടെയും ശബ്ദത്തിലുള്ള ലാൽ സലാം എന്ന ചിത്രത്തിലെ തിമിരി എഴുദാ എന്ന ​ഗാനം ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഇന്ത്യൻ സിനിമയിൽത്തന്നെ ഇത്തരമൊരു പരീക്ഷണം ആദ്യമായാണെന്നാണ് വിലയിരുത്തൽ. 

വിഷ്ണു വിശാൽ വിക്രാന്ത് എന്നിവരെ നായകന്മാരാക്കി ഐശ്വര്യ രജനികാന്ത് സംവിധാനംചെയ്യുന്ന ചിത്രമാണ് 'ലാൽ സലാം'. ചിത്രത്തിൽ  രജനികാന്ത് അതിഥി വേഷത്തിലെത്തുന്നു. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിർമ്മിക്കുന്നത്. ഫെബ്രുവരി 9-ന് ചിത്രം തിയറ്ററുകളിലെത്തും. 

ചിത്രത്തിലെ ഗാനങ്ങൾ ഏതാനും ദിവസങ്ങൾക്കുമുമ്പാണ് റിലീസ് ചെയ്തത്. തിമിരി എഴുദാ എന്ന ഗാനത്തിന് വരികളെഴുതിയത് സ്നേഹൻ ആണ് . ദീപ്തി സുരേഷ്, അക്ഷയ ശിവകുമാർ എന്നിവരും ഇതേ ​ഗാനത്തിൽ ​പാടിയിട്ടുണ്ട്. നിരവധിപേരാണ് സോഷ്യൽ മീഡിയയിൽ എ.ആർ. റഹ്മാന്റെ പുത്തൻ പരീക്ഷണത്തെ അഭിനന്ദിച്ചുകൊണ്ട് പ്രതികരണവുമായെത്തിയത്. 

എ.ആർ. റഹ്മാനുവേണ്ടി നിരവധി ​ഗാനങ്ങൾ പാടിയ ​ഗായകനായിരുന്നു ബംബ ബാക്കിയ. 2022 സെപ്റ്റംബർ രണ്ടിനായിരുന്നു ബംബ ബാക്കിയ അന്തരിച്ചത്. 'സർക്കാർ','യന്തിരൻ 2.0', 'സർവം താളമയം', 'ബിഗിൽ', 'ഇരൈവിൻ നിഴൽ' തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം എ ആർ റഹ്‌മാന്‌ വേണ്ടി പാടിയിട്ടുണ്ട്. 'പൊന്നിയിൻ സെൽവൻ' എന്ന സിനിമയിലെ 'പൊന്നി നദി പാക്കണുമേ' എന്ന ​ഗാനമാണ് ബംബ അവസാനമായി പാടിയത്. ​

അതേസമയം എ.ആർ. റഹ്മാന്റെ പ്രിയ​ഗായകൻ കൂടിയായിരുന്ന ഷാഹുൽ ഹമീദ് 1997-ലാണ് അന്തരിച്ചത്. ചെന്നൈയിലുണ്ടായ കാറപകടത്തിലായിരുന്നു അദ്ദേഹം മരിച്ചത്. ജെന്റിൽമാൻ എന്ന ചിത്രത്തിലെ ഉസിലാംപട്ടി പെൺകുട്ടീ, തിരുടാ തിരുടായിലെ രാസാത്തി എൻ ഉസിര്, മെയ് മാദത്തിലെ മദ്രാസി സുത്തി, കാതലനിലെ ഊർവസി ഊർവസി, പെട്ടാ റാപ്പ്, ജീൻസിലെ വാരായോ തോഴീ തുടങ്ങി നിരവധി ​ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്.