ചന്ദനക്കുടം നേര്‍ച്ചയില്‍ പങ്കെടുത്ത് എ ആര്‍ റഹ്‌മാന്‍; ആരാധകർ തടിച്ചുകൂടിയതോടെ ഓട്ടോയിൽ മടക്കയാത്ര..

a r rahman auto

ചെന്നൈ: അണ്ണാശാല ഹസ്രത്ത് സയ്യിദ് മൂസ ഷാ ഖാദിരി ദര്‍ഗയിലെ ചന്ദനക്കുട നേര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ സംഗീതജ്ഞന്‍ എ ആര്‍ റഹ്‌മാനെ കാണാൻ തടിച്ചുകൂടി ആരാധകർ. ഇതോടെ കാറിനടുത്തേക്ക് തിരിച്ചെത്താന്‍ കഴിയാതെ ഓട്ടോറിക്ഷയിലായിരുന്നു മടക്കയാത്ര. ദര്‍ഗയില്‍ വാര്‍ഷിക ചന്ദനക്കുട ആഘോഷവേളയിലാണ് റഹ്‌മാന്‍ എത്തിയത്. എല്ലാ വര്‍ഷവും റഹ്‌മാന്‍ ചന്ദനക്കുട ആഘോഷത്തില്‍ പങ്കെടുക്കാറുണ്ട്. പെരുന്നാളില്‍ പങ്കെടുത്ത് പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തിയാണ് റഹ്‌മാന്‍ മടങ്ങിയത്.

തന്റെ ആഡംബര കാറിലാണ് റഹ്‌മാന്‍ ചന്ദനക്കുട ആഘോഷത്തില്‍ പങ്കെടുക്കാൻ എത്തിയത്. എന്നാല്‍ ആരാധകർ വളഞ്ഞതോടെ കാറിനടുത്തേക്ക് തിരിച്ചെത്താന്‍ റഹ്‌മാന് കഴിഞ്ഞില്ല. ഇതോടെയാണ് ഓട്ടോറിക്ഷയെ ആശ്രയിച്ചത്. സ്ഥലത്ത് നിന്ന് കുറച്ച് ദൂരം യാത്ര ചെയ്ത റഹ്‌മാനെ കാറുമായി ഡ്രൈവര്‍ പിന്തുടര്‍ന്നു. പിന്നീട് കാറില്‍ കയറിയാണ് റഹ്‌മാന്‍ യാത്ര തുടര്‍ന്നത് .