'അന്വേഷിപ്പിന്‍ കണ്ടെത്തും' ഇനി ഒടിടിയിൽ

film

തൊണ്ണൂറുകളുടെ കഥാ  പശ്ചാത്തലത്തിൽ ടൊവിനോ തോമസിനെ നായകനാക്കി ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്ത  ചിത്രമാണ് 'അന്വേഷിപ്പിന്‍ കണ്ടെത്തും'. ഫെബ്രുവരി ഒമ്പതിന് റിലീസ് ചെയ്ത ചിത്രം ഇതിനോടകം ബോക്സ് ഓഫീസിൽ 40 കോടി കടന്നു. തീയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി എബ്രാഹാം എന്നിവര്‍ക്കൊപ്പം സരിഗമയും ചേർന്നാണ് ചിത്രം നിർമിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒടിടി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെ മാര്‍ച്ച് 8 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും നെറ്റ്ഫ്ലിക്സിലൂടെ ചിത്രം കാണാനാവും. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ജിനു വി എബ്രഹാമാണ്. എഴുപതോളം താരങ്ങലാണ് ചിത്രത്തിൽ അണി നിരന്നത്.

കൽക്കിക്കും എസ്രയ്ക്കും ശേഷം ടൊവിനോ പൊലീസ് കഥാപാത്രമായെത്തുന്ന സിനിമയിൽ ടൊവിനോയുടെ പിതാവ് അഡ്വ. ഇല്ലിക്കൽ തോമസും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. പൃഥ്വിരാജ് ചിത്രം 'കാപ്പ'യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് 'അന്വേഷിപ്പിൻ കണ്ടെത്തും'.

Tags