ബ്ലാക്ക് മാജിക് ചെയ്യുന്നവരോട് തനിക്കെതിരെ പ്രയോഗിക്കാന്‍ വെല്ലുവിളിച്ച് അമല്‍ ഉണ്ണിത്താന്‍

amal

ബ്ലാക്ക് മാജിക് ചെയ്യുന്നവരോട് തനിക്കെതിരെ പ്രയോഗിക്കാന്‍ വെല്ലുവിളിച്ച് ലോക്‌സഭാ എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മകന്‍ അമല്‍ ഉണ്ണിത്താന്‍. ഫേസ്ബുക്കിലൂടെയാണ് അമല്‍ ഉണ്ണിത്താന്‍ പ്രതികരണം നടത്തിയത്. സാങ്കേതിക മുന്നേറ്റങ്ങള്‍ക്കിടയിലും കൂടോത്രത്തിലും മറ്റു പിന്തിരിപ്പന്‍ രീതികളിലും വിശ്വസിക്കുന്നവര്‍ ഇപ്പോഴും ഉണ്ടെന്നും അമല്‍ വ്യക്തമാക്കി. ഇവര്‍ സ്വന്തം നേട്ടത്തിനായി അജ്ഞതയെയും ഭയത്തെയും ഇരയാക്കുകയാണെന്നും അദ്ദേഹം ചൂണ്ടികാണിച്ചു.

അമല്‍ ഉണ്ണിത്താന്റെ കുറിപ്പ്

ശ്രദ്ധേയമായ സാങ്കേതിക മുന്നേറ്റങ്ങളും നമ്മുടെ ലോകം കൈവരിച്ച പുരോഗമനപരമായ മുന്നേറ്റങ്ങളും ഉണ്ടായിരുന്നിട്ടും, മാന്ത്രികതയിലും, കൂടോത്രത്തിലും മറ്റ് പിന്തിരിപ്പന്‍ രീതികളിലും വിശ്വസിക്കുന്ന വ്യക്തികള്‍ ഇപ്പോഴും ഉണ്ട്. ഇത്തരം വിശ്വാസങ്ങള്‍ നിലനില്‍ക്കുന്നത് ആശങ്കാജനകവും നിരാശാജനകവുമാണ്. ഈ വീക്ഷണങ്ങള്‍ ആരുടേതായാലും, അവ കാലഹരണപ്പെട്ടതും ഒരു സമൂഹമെന്ന നിലയില്‍ നമ്മുടെ പുരോഗതിയെ തടസ്സപ്പെടുത്തുന്നതുമാണ്.

ഈ സമ്പ്രദായങ്ങളില്‍ ഏര്‍പ്പെടുന്ന ആളുകള്‍ തട്ടിപ്പുക്കാരല്ലാതെ മറ്റൊന്നുമല്ല, സ്വന്തം നേട്ടത്തിനായി അജ്ഞതയെയും ഭയത്തെയും ഇരയാക്കുന്നു.

ബ്ലാക്ക് മാജിക് ചെയ്യുന്നുവെന്ന് അവകാശപ്പെടുന്നവരെ എനിക്കെതിരെ പരീക്ഷിക്കാന്‍ ഞാന്‍ വെല്ലുവിളിക്കുന്നു!!!! ഞാന്‍ ഒരു അന്ധവിശ്വാസി അല്ലാത്തതിനാല്‍ അത് തീര്‍ച്ചയായും ഏല്‍ക്കില്ല . ഇതരം കാര്യങ്ങള്‍ അവയില്‍ വിശ്വസിക്കുന്നവരെ മാത്രമേ ബാധിക്കുകയുള്ളൂ, കാരണം അവ സ്വന്തം മനസ്സില്‍ ഫലങ്ങള്‍ സൃഷ്ടിക്കുന്നു. അതൊരു മാനസിക രോഗമാണ്‍

ദിവസങ്ങള്‍ക്ക് മുന്‍പാണ് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുധാകരന്റെ വീട്ടുപറമ്പില്‍ നിന്നും കൂടോത്രം ചെയ്തതെന്ന് കരുതപ്പെടുന്ന വസ്തുക്കള്‍ പുറത്തെടുത്തത്. വസ്തുക്കള്‍ പുറത്തെടുത്ത ദിവസം കെ സുധാകരനൊപ്പം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയും ഉണ്ടായിരുന്നു. തന്നെ അപായപ്പെടുത്താനാണ് 'കൂടോത്രം' വെച്ചതെന്ന് കെ സുധാകരന്‍ പിന്നീട് പ്രതികരിച്ചിരുന്നു. തകിടും ചില രൂപങ്ങളുമായിരുന്നു പുറത്തെടുത്തത്. ഇത്രയും ചെയ്തിട്ടും താന്‍ ബാക്കിയുണ്ടല്ലോയെന്ന് സുധാകരന്‍ ഉണ്ണിത്താനോട് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. തനിക്ക് കൂടോത്രത്തില്‍ വിശ്വാസമുണ്ടെന്നും സൂക്ഷിക്കണമെന്നും ഉണ്ണിത്താന്‍ നിര്‍ദേശവും നല്‍കുന്നുണ്ടായിരുന്നു.

Tags