അമ്മയായ സന്തോഷം പങ്കുവച്ച് നടി യാമി ഗൗതം

yami

മുംബൈ: അമ്മയായ സന്തോഷം പങ്കുവച്ച് നടി യാമി ഗൗതം. അക്ഷയത്രിതീയ ദിനത്തിലായിരുന്നു നടി യാമി ഗൗതമിനും അവരുടെ ഭര്‍ത്താവ് ചലച്ചിത്ര നിർമ്മാതാവ് ആദിത്യ ധറിനും ആദ്യ കുഞ്ഞ് പിറന്നത്. 'വേദവിദ്' എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ദമ്പതികൾ ഇൻസ്റ്റാഗ്രാമിൽ ഒരു മനോഹരമായ കുറിപ്പോടെയാണ് ഈ വിവരം ലോകത്തെ അറിയിച്ചത്. 

 "സൂര്യ ഹോസ്പിറ്റലിലെ അസാധാരണമായ അർപ്പണബോധമുള്ള മെഡിക്കൽ പ്രൊഫഷണലുകൾക്ക് ഞങ്ങളുടെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. പ്രത്യേകിച്ച് ഡോ. ഭൂപേന്ദർ അവസ്തി, ഡോ. രഞ്ജന ധനു എന്നിവര്‍ക്ക്. അവരുടെ വൈദഗ്ധ്യവും അശ്രാന്ത പരിശ്രമവുമാണ് ഈ സന്തോഷകരമായ സന്ദർഭം സാധ്യമാക്കിയത്.

മാതാപിതാക്കളായി  ഈ മനോഹരമായ യാത്ര ആരംഭിക്കുമ്പോൾ ഞങ്ങളുടെ മകനെ  ശോഭനമായ ഭാവി കാത്തിരിക്കുന്നുവെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അവൻ നേടുന്ന നേട്ടങ്ങളിലൂടെ അവൻ ഞങ്ങളുടെ മുഴുവൻ കുടുംബത്തിനും ഈ രാജ്യത്തിനും അഭിമാനമായി വളരുമെന്ന പ്രതീക്ഷയും വിശ്വാസവും ഞങ്ങളിൽ നിറയുന്നു.''എന്നായിരുന്നു ഇരുവരും ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. മൂന്ന് വര്‍ഷത്തോളം നീണ്ട പ്രണയത്തിനു ശേഷം 2021ലാണ് യാമിയും ആദിത്യയും വിവാഹിതരായത്.