സിനിമാ ചിത്രീകരണത്തിനിടെ നടി ഉർവശി റൗട്ടേലയ്ക്ക് ​ഗുരുതര പരിക്ക്

urvashi

സിനിമാ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ നടി ഉർവശി റൗട്ടേലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റു. നന്ദമൂരി ബാലകൃഷ്ണ നായകനാവുന്ന പുതിയ ചിത്രത്തിലെ സംഘട്ടനരം​ഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. നടിയെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബാലകൃഷ്ണ നായകനാകുന്ന എൻബികെ109 എന്ന് താൽക്കാലികമായി പേരിട്ട ചിത്രത്തിന്റെ സെറ്റിൽവെച്ചാണ് ഉർവശി റൗട്ടേല അപകടത്തിൽപ്പെട്ടത്. അപകട വിവരം ഉർവശി റൗട്ടേലയുടെ ടീം സ്ഥിരീകരിച്ചു. എല്ലിന് പൊട്ടലുണ്ടെന്നും മികച്ച ചികിത്സയാണ് ഉർവശിക്ക് നൽകിവരുന്നതെന്നും അവർ അറിയിച്ചു. 

ബാലകൃഷ്ണയെ നായകനാക്കി ബോബി കൊല്ലി സംവിധാനം ചെയ്യുന്ന ചിത്രമാണ് എൻബികെ 109. ദുൽഖർ സൽമാനും ചിത്രത്തിൽ ഒരു മുഖ്യവേഷത്തിലുണ്ടെന്നാണ് റിപ്പോർട്ട്. പ്രകാശ് രാജാണ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിതാര എന്റർടെയിൻമെന്റും ശ്രീകര സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

മോഡലിംഗ് രംഗത്ത് നിന്നും ബോളിവുഡില്‍ എത്തിയ ഉര്‍വശിയുടെ അഞ്ചാമത്തെ തെലുങ്ക് ചിത്രമാണിത്. സിംഗ് സാബ് ദ ഗ്രേറ്റ് ആണ് ആദ്യ സിനിമ. അതേസമയം ബാലകൃഷ്ണയ്‌ക്കൊപ്പം രണ്ടാമത്തെ ചിത്രത്തിലാണ് ഉര്‍വശി അഭിനയിക്കുന്നത്. വാള്‍ട്ടയര്‍ വീരയ്യ എന്ന ബാലയ്യ ചിത്രത്തിലായിരുന്നു ഉര്‍വശി നേരത്തെ അഭിനയിച്ചത്.