കുമ്പളങ്ങിയിൽ അവധിക്കാലം ആഘോഷിച്ച് നടി തപ്സി പന്നു

taapsee pannu

ഇന്ത്യയിലെ ആദ്യത്തെ മാതൃക വിനോദസഞ്ചാര ഗ്രാമമാണ്‌ കുമ്പളങ്ങി. കായലുകളും ചീനവലകളും നെൽവയലുകളുമെല്ലാം നിറഞ്ഞ മനോഹരമായ കുമ്പളങ്ങിയിൽ തന്റെ അവധിക്കാലം ആഘോഷിക്കുകയാണ് ബോളിവുഡ് നടി തപ്സി പന്നു. കേരളത്തിലെ തന്‍റെ വെക്കേഷന്‍റെ വിശേഷങ്ങള്‍ താരം തന്റെ ഇന്‍സ്റ്റഗ്രാമില്‍  പങ്കുവച്ചിട്ടുണ്ട്.

കേരളത്തോട് ഒരു മുൻജന്മ ബന്ധമാണെന്ന അടിക്കുറിപ്പോടെയാണ് നടി വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. കുമ്പളങ്ങിയിലെ അമ റിസോര്‍ട്ടിലായിരുന്നു തപ്സിയുടെ വെക്കേഷന്‍. ഇവിടെ കല്‍വിളക്കില്‍ തിരി തെളിയിക്കുന്നതും വാഴയിലയില്‍ വിഭവസമൃദ്ധമായ സദ്യ ഉണ്ണുന്നതും കായലില്‍ സന്ധ്യാസമയത്ത് ബോട്ടില്‍ പോകുന്നതും കൊതുമ്പുവള്ള യാത്രയും കരിക്ക് കുടിക്കുന്നതും കൈത്തറിയും കഥകളിക്കാഴ്ചയുമെല്ലാം തപ്സി പങ്കുവെച്ച വിഡിയോയിലുണ്ട്.

നടിയുടെ സുഹൃത്തും ബാഡ്മിന്റൻ താരവുമായ മാത്യാസ് ബോ ഉൾപ്പെടുന്ന സംഘവും താരത്തിന് ഒപ്പമുണ്ട്. തെന്നിന്ത്യൻ പ്രേക്ഷകർക്ക് സുപരിചിതയായ തപ്സി മലയാളത്തിൽ മമ്മൂട്ടി– നദിയ മൊയ്തു ചിത്രമായ ഡബിൾസിലും അഭിനയിച്ചിട്ടുണ്ട്. ഷാറുഖ് ഖാൻ നായകനായ ‍‍ഡങ്കിയാണ് തപ്സിയുടെ ഏറ്റവും ഒടുവിലത്തെ ചിത്രം.