നടി പവിത്രയുടെ മരണം, ആത്മഹത്യ ചെയ്ത് നടന്‍ ചന്ദു; തങ്ങളുടെ ജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലായിരുന്നെന്ന് ഭാര്യ

pavitra

തെലുങ്ക്കന്നഡ സീരിയല്‍ താരം ചന്ദ്രകാന്തിനെ (ചന്ദു) മരിച്ച നിലയില്‍ കണ്ടെത്തി. അല്‍കാപൂരിലെ വസതിയില്‍ നിന്ന് ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസം മുന്നേ വാഹനാപകടത്തില്‍ മരിച്ച സീരിയല്‍ താരം പവിത്ര ജയറാമുമായി ചന്ദു പ്രണയത്തിലായിരുന്നു. വാഹനാപകടം നടക്കുമ്പോള്‍ ചന്ദുവും കൂടെ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഭാര്യയും രണ്ടു മക്കളുമുള്ള ചന്ദു കുടുംബത്തില്‍ നിന്നും അകന്ന് പവിത്രയ്‌ക്കൊപ്പമായിരുന്നു കഴിഞ്ഞ അഞ്ച് വര്‍ഷമായി താമസം. 11 വര്‍ഷത്തെ പ്രണയ ബന്ധത്തിന് ശേഷം 2015ലായിരുന്നു ചന്ദുവും ആദ്യ ഭാര്യ ശില്‍പയുമായുള്ള വിവാഹം. പവിത്രയുമായുളള ബന്ധത്തെ തുടര്‍ന്ന് തന്നെ ശാരീരികമായി ചന്ദു ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് ശില്‍പ വെളിപ്പെടുത്തി.
'അദ്ദേഹം മടങ്ങിവരുന്നതും കുട്ടികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതും പ്രതീക്ഷിച്ച് കാത്തിരിക്കുകയായിരുന്നു ഞങ്ങളെല്ലാവരും. ആദ്യകാലത്ത്, അദ്ദേഹം നല്ലവനും കരുതലുള്ളവനായിരുന്നു. എന്നാല്‍ പവിത്ര ജയറാമിനെ കണ്ടതോടെ കാര്യങ്ങള്‍ ആകെ മാറിമറിഞ്ഞു. അവരുടെ ബന്ധം ഞാന്‍ അറിഞ്ഞപ്പോള്‍ മുതല്‍ അയാള്‍ എന്നെ ഉപദ്രവിക്കാന്‍ തുടങ്ങിയെന്നും' ശില്പ പറഞ്ഞു.
പവിത്ര ഇല്ലാതെ തനിക്ക് ജീവിക്കാന്‍ കഴിയില്ലെന്നും ജീവിതം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും സുഹൃത്തുക്കള്‍ക്ക് സന്ദേശം അയച്ച ശേഷമായിരുന്നു ചന്ദു ആത്മഹത്യ ചെയ്തത്. തെലുങ്കിലും കന്നഡയിലും ഹിറ്റായ ത്രിനയനി എന്ന സീരിയലില്‍ ഇരുവരും ജോഡികളായി വേഷമിട്ടിരുന്നു. 

നടി പവിത്ര സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചാണ് അപകടമുണ്ടാകുന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പവിത്ര സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ ഹനകെരെയിലേക്ക് മടങ്ങുകയായിരുന്നു നടിയും സംഘവും. നടി മരിച്ച് ആറ് ദിവസത്തിനു ശേഷമാണ് നടന്‍ ചന്ദു ആത്മഹത്യ ചെയ്തത്

Tags