50 പേരുടെ കൂടെ എന്തായാലും ഡാന്‍സ് ചെയ്യേണ്ടന്ന് പറഞ്ഞ് ബോസ് മടക്കി അയച്ചു, അതാണ് ലൈഫിലെ ടേണിങ് പോയിന്റ്: വിനായകന്‍
vinayakan

കൊറിയോഗ്രാഫറാവാനായിരുന്നു തന്റെ ആഗ്രഹമെന്നും ബോംബെയിലെ തന്റെ ബോസ് തിരികെ അയച്ചത് കൊണ്ടാണ് സിനിമയിലേക്ക് വന്നതെന്നും പറയുകയാണ് നടന്‍ വിനായകന്‍. മലയാളത്തില്‍ കൊറിയോഗ്രാഫറാവണമെന്ന തന്റെ ആഗ്രഹം നടക്കില്ലെന്ന് പിന്നീട് മനസിലായെന്നും റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ വിനായകന്‍ പറഞ്ഞു.

‘ബോംബെയിലെ ഫിലിം ഫെയര്‍ അവാര്‍ഡ്‌സില്‍ ഡാന്‍സ് ചെയ്യുക എന്നുള്ളതായിരുന്നു എന്റെ ആഗ്രഹം. അങ്ങനെ ഞാന്‍ ബോംബെയിലൊക്കെ പോയി, ശ്രമിച്ച് നോക്കിയപ്പോള്‍ നീ ഇവിടെ 50 പേരുടെ കൂടെ ഏതായാലും ഡാന്‍സ് ചെയ്യണ്ട, നാട്ടിലേക്ക് പോയിക്കൊള്ളാന്‍ പറഞ്ഞു. അങ്ങനെയാണ് ഞാന്‍ നാട്ടിലേക്ക് വന്നത്.

സിനിമയിലേക്ക് വന്നതിന് ശേഷം ഒരു ആറേഴ് കൊല്ലം അഭിനയിച്ചില്ല. പിന്നെ ഒരു ജോലി നേടാനായി എന്റെ കയ്യില്‍ ഒരു സര്‍ട്ടിഫിക്കറ്റില്ല. അപ്പോള്‍ പിന്നെ സിനിമ തന്നെയായിരിക്കും ബെസ്റ്റ് എന്ന് ഞാന്‍ വിചാരിച്ചു. സിനിമക്ക് എന്തായാലും സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. ഒകെയാണെങ്കില്‍ അഭിനയിച്ച് നോക്കാമെന്ന് വിചാരിച്ചു. പിന്നെയും രക്ഷയില്ലാണ്ടായി, കാരണം എല്ലാം തകര്‍ന്നു. കൊറിയോഗ്രാഫറാവണമെന്നായിരുന്നു ആഗ്രഹം. അത് മലയാളത്തില്‍ നടക്കില്ലാന്ന് മനസിലായി.

ബോബെയില്‍ ഡാന്‍സ് ചെയ്യണമെന്ന ആഗ്രഹവും നടക്കില്ലെന്ന് മനസിലായി. എന്റെ ബോസ് തിരിച്ചു വിട്ടു. അതാണ് ജീവിതത്തിലെ ടേണിങ് പോയിന്റായത്. പോയി അന്വേഷിക്ക്, ഒന്നും നടന്നില്ലെങ്കില്‍ നീ തിരിച്ചു വാ, നിനക്ക് ഞാന്‍ ജോലി തരും എന്ന അദ്ദേഹത്തിന്റെ വാക്കാണ് പവര്‍ തന്നത്. ബോംബെയില്‍ നിന്നും എന്നെ പറഞ്ഞുവിട്ടതാണ് ലൈഫിലെ ടേണിങ് പോയിന്റായത്. ഇന്നാ ബോസ് മരിച്ചുപോയി,’ വിനായകന്‍ പറഞ്ഞു.

Share this story