പ്രശസ്ത ഹിന്ദി ടെലിവിഷൻ താരം ഋതുരാജ് സിങ് അന്തരിച്ചു

rithuraj

മുംബൈ: പ്രശസ്ത ഹിന്ദി ടെലിവിഷൻ താരം ഋതുരാജ് സിങ് അന്തരിച്ചു.  59 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. അടുത്തിടെ പാൻക്രിയാറ്റിക് അസുഖത്തെ തുടർന്ന് നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഋതുരാജ് സിങ്ങിന്റെ സുഹൃത്തും നടനുമായ അമിത് ബെലാണ് മരണ വാർത്ത സ്ഥിരീകരിച്ചത്. 

'ബനേഗി അപ്‌നി ബാത്', 'ജ്യോതി', 'ഹിറ്റ്‌ലർ ദീദി', 'ശപത്', 'വാരിയർ ഹൈ', 'ആഹത്, അദാലത്ത്', 'ദിയ', 'ഔർ ബാത്തി ഹം', 'അനുപമ' തുടങ്ങിയ ജനപ്രിയ പരമ്പരകളിൽ ഋതുരാജ് ശ്രദ്ധേയ വേഷത്തിലെത്തിയിട്ടുണ്ട്. കൂടാതെ, 'ബദരീനാഥ് കി ദുൽഹനിയ' (2017), 'വാഷ്-പോസസ്ഡ് ബൈ ദി ഒബ്‌സസ്ഡ്', 'തുനിവ്' (2023) തുടങ്ങിയ സിനിമകളിലും ഋതുരാജ് വേഷമിട്ടു.

2023-ൽ പുറത്തിറങ്ങിയ 'യാരിയൻ 2' ആയിരുന്നു അദ്ദേഹത്തിന്റെ അവസാനം ചിത്രം. വെബ് സീരീസുകളിലും നടൻ സജീവമായിരുന്നു. 'ദ ടെസ്റ്റ് കേസ്', 'ഹേ പ്രഭു', 'ക്രിമിനൽ', 'അഭയ്', 'ബന്ദിഷ് ബാൻഡിറ്റ്‌സ്', 'മെയ്ഡ് ഇൻ ഹെവൻ സീസൺ 2' തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ വെബ് സീരീസുകൾ. സംസ്കാരം നാളെ മുംബൈയിൽ വെച്ച് നടക്കും.

നടന്‍മാരായ അനുപം ഖേര്‍, അര്‍ഷാദ് വര്‍സി, സോനു സൂദ്, സംവിധായകരായ വിവേക് അഗ്നിഹോത്രി, ഹന്‍സല്‍ മെഹ്ത തുടങ്ങിയവര്‍ നടന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.