ഒരുമിച്ച് ജീവിക്കുമ്പോൾ തന്നെ സഹതാരവുമായി പ്രണയം; നടന്‍ രാജ് തരുൺ വഞ്ചിച്ചുവെന്ന് മുന്‍ പങ്കാളി

raj tarun

ഹൈദരാബാദ്: പ്രശസ്ത തെലുഗു നടന്‍ രാജ് തരുണിനെതിരേ ആരോപണവുമായി മുന്‍ പങ്കാളി. താനുമായി ലിവിങ് ടുഗെദറില്‍ ആയിരുന്ന സമയത്ത് രാജ് തരുണ്‍ നടി മാൽവി മൽഹോത്രയുമായി സ്നേഹത്തിലായിരുന്നുവെന്നും തന്നെ വഞ്ചിക്കുകയായിരുന്നെന്നും ചൂണ്ടികാട്ടി ലാവണ്യ എന്ന യുവതിയാണ് പൊലീസില്‍ പരാതി നല്‍കിയത്.

പത്ത് വര്‍ഷങ്ങളായി തങ്ങള്‍ പ്രണയത്തിലായിരുന്നു. ഒരുമിച്ച് ജീവിച്ചു വരികയായിരുന്നു. എന്നാല്‍ രാജ് തരുണ്‍ താനുമായുള്ള ബന്ധം പരസ്യമാക്കാന്‍ തയ്യാറായില്ല. തങ്ങള്‍ അമ്പലത്തില്‍ വച്ച് വിവാഹിതരായതാണ്. നിയമപരമായി രജിസ്റ്റര്‍ ചെയ്യാമെന്ന് രാജ് തരുണ്‍ സമ്മതിച്ചതുമാണ്. സഹതാരവുമായി ബന്ധം തുടങ്ങിയപ്പോള്‍ തന്നെ ഒഴിവാക്കിഎന്നും യുവതി പരാതിയിൽ പറയുന്നു. ഹൈദരാബാദിലെ നർസിംഗി പൊലീസ് സ്റ്റേഷനിലാണ്  ലാവണ്യ പരാതി നൽകിയിരിക്കുന്നത്. മൂന്ന് മാസമായി രാജ് തരുൺ ഫ്ലാറ്റിലേക്കു വരാറില്ല. താൻ പരാതി നല്‍കും എന്ന് അറിയിച്ചതോടെ നടി മാൽവിയുമായി ബന്ധപ്പെട്ട വ്യക്തികൾ തന്നെ ഭീഷണിപ്പെടുത്താന്‍ ആരംഭിച്ചെന്നും യുവതി പറഞ്ഞു. 

അതേ സമയം ലാവണ്യയുടെ പരാതിയില്‍ പ്രതികരണവുമായി രാജ് തരുണ്‍ രംഗത്ത് വന്നു. തനിക്കെതിരേയുള്ള ആരോപണം ഞെട്ടലുണ്ടാക്കുന്നതാണെന്നും നിരാശാജനകമാണെന്നും രാജ് തരുണ്‍ പറയുന്നു. പത്ത് വര്‍ഷം താനും ലാവണ്യയും ഒരുമിച്ചു ജീവിച്ചു എന്നത് സത്യമാണ്. എന്നാല്‍ പരസ്പര ധാരണയോടെ വേര്‍പിരിയുകയായിരുന്നു. അവരെ തെറ്റിദ്ധരിപ്പിക്കുന്നതിനോ വഞ്ചിക്കുന്നതിനോ താനൊന്നും ചെയ്തിട്ടില്ല എന്നും രാജ് തരുണ്‍ വ്യക്തമാക്കി.

ലാവണ്യ മയക്കുമരുന്ന് ഉപയോഗിക്കുന്ന വ്യക്തിയാണെന്നും അവളെ നിയന്ത്രിക്കാന്‍ തനിക്കായില്ലെന്നും തന്‍റെ പ്രശസ്തി കാരണമാണ് പൊലീസില്‍ പോകാതിരുന്നതെന്നും താരം വെളിപ്പെടുത്തി. അവൾ മറ്റൊരാളുമായി ഡേറ്റിങ് നടത്തുകയാണ്. അതിന് തെളിവുകളുണ്ട്. മാത്രമല്ല പല തവണയായി ചോദിക്കുന്ന പൈസയും നൽകിയിട്ടുണ്ട്, പകരം അവൾ എന്നെ ചതിക്കുകയും ഭീഷണിപ്പെടുത്തുകയുമാണ് ചെയ്തത്. എന്‍റെ ഫ്ലാറ്റ് ഒഴിയാൻ ആവശ്യപ്പെട്ടതിന് ശേഷമാണ് അവൾ എന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ തുടങ്ങിയത്. നേരത്തെ മയക്കുമരുന്ന് കേസിൽ ലാവണ്യ അറസ്റ്റിലായിരുന്നു. ഞാൻ എത്രയും വേഗം നിയമപരമായി മുന്നോട്ട് പോകുമെന്നും. എന്നെ പിന്തുണയ്ക്കാന്‍ മാധ്യമങ്ങളോട് അഭ്യര്‍ഥിക്കുന്നുവെന്നും താരം പറഞ്ഞു.