മിതാലി രാജിന്റെ ജീവിതകഥ പറയുന്ന 'ഷബാഷ് മിതു'; ട്രെയ്‌ലർ പുറത്ത്
sabash mithu

ഇതിഹാസ ഇന്ത്യൻ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിതത്തെ ആസ്‌പദമാക്കി ഒരുങ്ങുന്ന ചിത്രം ‘ഷബാഷ് മിതു; ദി അൺഹിയേഡ് സ്‌റ്റോറി ഓഫ് വുമെൻ ഇൻ ബ്ളൂ’വിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. താപ്‌സി പന്നു ആണ് ചിത്രത്തിൽ മിതാലിയായി എത്തുന്നത്. വിയാകോം 18 സ്‌റ്റുഡിയോസ് നിർമിക്കുന്ന ചിത്രം ജൂലൈ 15ന് തിയേറ്ററുകളിൽ എത്തും.

ശ്രീജിത്ത് മുഖർജിയാണ് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് പെൺകുട്ടികൾക്കും സ്‌ത്രീകൾക്കും പ്രചോദനമായ മിതാലി രാജിന്റെ ജീവിതം അഭ്രപാളിയിൽ എത്തിക്കുന്നത്. താപ്‌സി പന്നുവിന്റെ പവർ പാക്ക് പെർഫോർമൻസ് ഉറപ്പ് നൽകുന്നതാണ് ട്രെയ്‌ലർ.

മുൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയും ട്രെയ്‌ലർ പങ്കുവച്ചിട്ടുണ്ട്. ‘ഗേൾ ഹു ചേഞ്ച്ഡ് ദി ഗെയിം’ എന്ന ഹാഷ് ടാഗോടെയാണ് ഗാംഗുലി ട്രെയ്‌ലർ ട്വിറ്ററിൽ പങ്കുവച്ചിട്ടുള്ളത്.

ജൂൺ എട്ടിനാണ് 23 വർഷത്തെ ക്രിക്കറ്റ് കരിയർ അവസാനിപ്പിച്ച് മിതാലി രാജ് അന്താരാഷ്‌ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചതായി അറിയിച്ചത്. വനിതാ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം എന്ന നേട്ടത്തോടെ ആണ് മിതാലി രാജിന്റെ വിരമിക്കൽ.

Share this story