നാല് ദിവസം കൊണ്ട് 550 കോടി ; റെക്കോർഡുകൾ സ്വന്തമാക്കി കെജിഎഫ് ചാപ്‌റ്റർ 2
kgf

പുതിയ റെക്കോർഡുകളുമായി കെജിഎഫ് ചാപ്‌റ്റർ 2 വിജയകരമായ പ്രദർശനം തുടരുകയാണ്. റിലീസ് ചെയ്‌ത്‌ 4 ദിവസങ്ങൾ പിന്നിട്ടപ്പോൾ 550 കോടി രൂപയുടെ വരുമാനമാണ് കെജിഎഫ് ചാപ്‌റ്റർ 2 ഇതിനോടകം സ്വന്തമാക്കിയത്.

ആദ്യഭാഗം പുറത്തിറങ്ങിയതിന് പിന്നാലെ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് കെജിഎഫ് ചാപ്‌റ്റർ 2. ചിത്രം റിലീസ് ചെയ്‌ത്‌ ആദ്യദിനം 134.5 കോടി രൂപയാണ് ഇന്ത്യയിൽ നിന്നും നേടിയത്. കൂടാതെ കേരളത്തിൽ നിന്നും 7.48 കോടി രൂപയും ആദ്യദിനം ചിത്രം നേടി. ഒരു സിനിമയ്‌ക്ക്‌ ആദ്യദിനം കേരളത്തില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വരുമാനമാണിത്.

പ്രശാന്ത് നീൽ സംവിധാനം ചെയ്‌ത്‌ യഷ് നായകനായി എത്തിയ കെജിഎഫ് ചാപ്‌റ്റർ 2 ഒരുക്കിയിരിക്കുന്നത് 100 കോടി മുതൽമുടക്കിലാണ്. ശ്രീനിധി ഷെട്ടി, സജ്‌ഞയ് ദത്ത്, രവീണ ഠണ്ടന്‍, പ്രകാശ് രാജ്, ആനന്ദ് നാഗ്, മാളവിക അവിനാശ് നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 2018ൽ 80 കോടി ബജറ്റിൽ പുറത്തിറങ്ങിയ കെജിഎഫിന്റെ ആദ്യ ഭാഗം 250 കോടി നേടി ഏറ്റവുമധികം കളക്ഷന്‍ നേടുന്ന കന്നട ചിത്രമായി മാറി.

1960-70 കാലഘട്ടത്തില്‍ കോലാര്‍ സ്വര്‍ണഖനി തൊഴിലാളികളുടെ അടിമ ജീവിതവും അവരുടെ അതിജീവനവും തുടര്‍ന്ന് അവിടെ നിന്നും അധോലോക നേതാവിലേക്കുള്ള നായകന്റെ വളര്‍ച്ചയും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് കെജിഎഫ് ചിത്രങ്ങളിൽ ആവിഷ്‌കരിച്ചിരിക്കുന്നത്.

Share this story