നടന് സിബി തോമസിന് ഡിവൈഎസ്പിയായി സ്ഥാനക്കയറ്റം
തിരുവനന്തപുരം : സിനിമ നടനും പോലീസ് ഓഫീസറുമായ സിബി തോമസിന് സ്ഥാനക്കയറ്റം.വയനാട് വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്പിയായാണ് നിയമനം. നിലവില്‍ കാസര്‍കോട് വിജിലന്‍സ് ഇന്‍സ്പെക്ടറാണ്. യൂണിവേഴ്സിറ്റി തല മത്സരങ്ങളില്‍ നാടകങ്ങളില്‍ തിളങ്ങിയ സിബി തോമസ് ദീലിഷ് പോത്തന് സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്.
രാജീവ് രവി സംവിധാനം ചെയ്ത കുറ്റവും ശിക്ഷയും എന്ന ചിത്രത്തിലൂടെ തിരക്കഥ രംഗത്തും സിബി തോമസ് ചുവടുവച്ചു. സൂര്യ നായകനായ ശ്രദ്ധേയമായ ജയ് ഭീം സിനിമയിലും സിബി അഭിനയിച്ചിട്ടുണ്ട്.കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശിയാണ് സിബി തോമസ്. രസതന്ത്രത്തില്‍ ബിരുദധാരിയായ ഇദ്ദേഹം പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കാന്‍ അവസരം ലഭിച്ചിട്ടും അത് തുടരാന്‍ സാധിച്ചില്ല. പൊലീസില്‍ എത്തിയ സിബി തോമസ് പാലാരിവട്ടം, കണ്ണൂര്‍ ചൊക്ലി, കാസര്‍കോട് ആദൂര്‍ എന്നീ സ്റ്റേഷനുകളില്‍ സിഐ ആയിട്ടുണ്ട്.
നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള പോലീസ് ഉദ്യോഗസ്ഥനാണ് സിബി തോമസ്. 2014, 2019, 2022 വര്‍ഷങ്ങളില്‍ മികച്ച ഉദ്യോഗസ്ഥനുള്ള ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണറും 2015 ല്‍ മുഖ്യമന്ത്രിയുടെ പോലീസ് മെഡലും നേടിയിരുന്നു.