തോമാശ്ലീഹാ സ്ഥാപിച്ച ഏഴരപ്പള്ളികൾ ഏതൊക്കെയാണെന്നറിയാമോ..?

churches

യേശു ക്രിസ്തുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരാളായ തോമാശ്ലീഹ ഇന്ത്യയിൽ സ്ഥാപിച്ചതായി കരുതപ്പെടുന്ന പള്ളികളാണ് ഏഴരപ്പള്ളികൾ. തോമാശ്ലീഹ വിശ്വാസപ്രചരണത്തിന്റെ ഭാഗമായാണ് എ.ഡി. 52 ല്‍ കൊടുങ്ങല്ലൂരിലെത്തുന്നത്. അദ്ദേഹം സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന സപ്തദേവാലയങ്ങള്‍ക്ക് സഭാചരിത്രത്തില്‍ സുപ്രധാനമായ സ്ഥാനമാണുള്ളത്.

കൊടുങ്ങല്ലൂര്‍ സെന്റ് തോമസ് പള്ളി, പാലയൂര്‍ പള്ളി, കോക്കമംഗലം പള്ളി, കോട്ടക്കാവ് സെന്റ് തോമസ് പള്ളി, നിരണം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് സുറിയാനിപ്പള്ളി, നിലയ്ക്കല്‍
 സെന്റ് തോമസ് എക്യുമെനിക്കല്‍ പള്ളി, കൊല്ലംപള്ളി, തിരുവിതാംകോട് പള്ളി, എന്നിവയാണ് തോമാശ്ലീഹാ സ്ഥാപിച്ചതെന്ന് അറിയപ്പെടുന്ന ഏഴര പള്ളികൾ.

Kodungallur St Thomas Church

കൊടുങ്ങല്ലൂര്‍ സെന്റ് തോമസ് പള്ളി

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖങ്ങളില്‍ ഒന്നായ കൊടുങ്ങല്ലൂരിലാണ് തോമാശ്ലീഹ ആദ്യം കപ്പലിറങ്ങുന്നത്. അക്കാലത്തെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലൊന്നായിരുന്ന കൊടുങ്ങല്ലൂരിലാണ്. തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂരിൽ മാല്യങ്കരയിൽ സ്ഥിതി ചെയ്യുന്ന കൊടുങ്ങല്ലൂർ പള്ളി തോമാശ്ലീഹ എ.ഡി. 52 ലാണ് സ്ഥാപിക്കുന്നത്. മാല്യങ്കരയില്‍ സ്ഥിതി ചെയ്യുന്ന ഈ പള്ളി മാല്യങ്കരപ്പള്ളി എന്നും അറിയപ്പെടുന്നു. തോമാശ്ലീഹ ഇന്ത്യയില്‍ ആദ്യം സ്ഥാപിച്ച പള്ളി കൂടിയാണിത്.

palayur church

പാലയൂര്‍ പള്ളി

തൃശ്ശൂർ ജില്ലയിൽ ചാവക്കാടിനടുത്ത് പാലയൂരിൽ സ്ഥിതി ചെയ്യുന്ന അതി പുരാതനമായ ക്രിസ്തീയ ദേവാലയമാണ് പാലയൂർ പള്ളി. എ.ഡി. 52 ല്‍ തോമാശ്ലീഹ സ്ഥാപിച്ചതാണെന്നാണ് വിശ്വാസം. നൂറ്റെട്ട് ശിവാലയങ്ങളിലൊന്നായ പാലയൂര്‍ ക്ഷേത്രം നിന്നിരുന്നിടത്ത് തോമാശ്ലീഹ ആദ്യം കുരിശ് സ്ഥാപിച്ചുവെന്നും പിന്നീട് അവിടെ പള്ളി പണിതുവെന്നുമാണ് കരുതുന്നത്.

Kokkamangalam Church

കോക്കമംഗലം പള്ളി 

എ.ഡി. 53 ല്‍ ആലപ്പുഴയിലെ കോക്കമംഗലത്ത് തോമാശ്ലീഹ സ്ഥാപിച്ചതാണ് കോക്കമംഗലം പള്ളി എന്നാണ് കരുതപ്പെടുന്നത്. ഒരു വര്‍ഷത്തോളം കോക്കമംഗലത്തു താമസിച്ച് വിശ്വാസം പ്രചരിപ്പിച്ച അദ്ദേഹം ആദ്യമവിടെ ഒരു കുരിശാണ് സ്ഥാപിച്ചത്. പിന്നീട് കുരിശിരുന്ന സ്ഥലത്ത് ദേവാലയം പണിയുകയായിരുന്നു.

kottakkavu

കോട്ടക്കാവ് സെന്റ് തോമസ് പള്ളി 

എറണാകുളത്തെ വടക്കന്‍ പറവൂരില്‍ പെരിയാറിന്റെ തീരത്തായി സ്ഥിതി ചെയ്യുന്ന കോട്ടക്കാവ് സെന്റ് തോമസ് പള്ളി തോമാശ്ലീഹാ സ്ഥാപിച്ച ഏഴരപ്പള്ളികളില്‍ ഒന്നാണ്. 

niranam church

നിരണം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് സുറിയാനിപ്പള്ളി 

പത്തനംതിട്ട ജില്ലയിലെ നിരണം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് സുറിയാനിപ്പള്ളി തോമാശ്ലീഹ എ.ഡി. 54 ല്‍ സ്ഥാപിച്ചതാണെന്നാണ് കരുതുന്നത്. കേരള ക്രൈസ്തവ സഭയിലെ പല പ്രധാനപ്പെട്ട മുഹൂര്‍ത്തങ്ങള്‍ക്കും സാക്ഷിയായ ഈ ദേവാലയത്തില്‍ ക്ഷേത്രങ്ങളിലേതുപോലെ കരിങ്കല്‍ വിളക്കുകളും കൊത്തുപണികളും കാണാന്‍ സാധിക്കും. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നിരണം ഭദ്രാസനത്തിന്റെ ആസ്ഥാനദേവാലയം കൂടിയാണിത്.

 nilaykkal church

നിലയ്ക്കല്‍ സെന്റ് തോമസ് എക്യുമെനിക്കല്‍ പള്ളി

പത്തനംതിട്ട ജില്ലയിലെ നിലയ്ക്കലില്‍ സ്ഥിതി ചെയ്യുന്ന ഈ ദേവാലയം ലോകത്തിലെ ആദ്യത്തെ എക്യുമെനിക്കല്‍ ദേവാലയമാണ്. വിവിധ സഭകള്‍ക്ക് ഈ ദേവാലയത്തിന്റെ നടത്തിപ്പില്‍ പങ്കാളിത്തമുണ്ട്. ശബരിമലയ്ക്കു സമീപം വനപ്രദേശത്താണാ ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്.

കൊല്ലംപള്ളി 

വളരെ പണ്ടുകാലം മുതല്‍ക്കേ പ്രശസ്തമായ തുരമുഖമായിരുന്ന കൊല്ലത്താണ് ഏഴരപ്പള്ളികളില്‍ ഒന്നായ കൊല്ലം പള്ളി സ്ഥിതി ചെയ്യുന്നത്. അദ്ദേഹം സ്ഥാപിച്ച ദേവാലയം ആയിരം വര്‍ഷം നിലനിന്നിരുന്നുവെന്നും പിന്നീടത് കടലെടുത്തുപോയി എന്നുമാണ് പറയപ്പെടുന്നത്.

thiruvikkode

തിരുവിതാംകോട് പള്ളി 

തോമാശ്ലീഹാ സ്ഥാപിച്ചതെന്നു കരുതപ്പെടുന്ന പള്ളികളിൽ അരപ്പള്ളി എന്നറിയപ്പെടുന്ന പള്ളിയാണ് തമിഴ്‌നാട്ടിലെ കന്യാകുമാരി തിരുവിതാംകോട് സ്ഥിതി ചെയ്യുന്ന സെന്‍ര് മേരീസ് ഓര്‍ത്തഡോക്‌സ് സുറിയാനിപ്പള്ളി. എ.ഡി. 63 ല്‍ തോമാശ്ലീഹ സ്ഥാപിച്ച ഈ ദേവാലയം തോമയാര്‍ കോവില്‍ എന്നാണ് അറിയപ്പെടുന്നത്. അന്തര്‍ദേശീയ മാര്‍ത്തോമന്‍ തീര്‍ഥാനടകേന്ദ്രം കൂടിയാണിത്.

Tags