വീണുറഞ്ഞ മഞ്ഞിലൂടെ നഗ്നപാദനായി നടക്കുന്ന ബദരിനാഥ് ക്ഷേത്രത്തിലെ റാവൽജി; 11 വർഷകാലം ഭഗവാനെ സേവിച്ച സംതൃപ്തിയോടെ പടിയിറങ്ങാൻ ഒരുങ്ങുന്നു..

ravalji

ഉത്തരാഖണ്ഡിലെ അളകനന്ദാനദീതീരത്ത് സ്ഥിതി ചെയ്യുന്ന ഹിന്ദു വിശ്വാസം അനുസരിച്ചുളള ചതുർധാമ തീർഥാടനങ്ങളിൽ ഒന്നാണ് ബദരീനാഥ ക്ഷേത്രം. സമുദ്രനിരപ്പില്‍ നിന്നും 10,585 അടി ഉയരത്തില്‍ അളകനന്ദയുടെ വലതു തീരത്ത് നര-നാരാണന്‍ കൊടുമുടികള്‍ക്കിടയിലാണ് അതിപുരാതനമായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 108 വൈഷ്ണവ ദിവ്യ സ്ഥലങ്ങളിൽ ഒന്നാണിത്. 

ഋഷിമാരും സന്യാസിമാരും തപസ് ചെയ്തതാണ് ഈ സ്ഥലം. ഭഗവത്പുരാണം, സ്കന്ദപുരാണം, മഹാഭാരതം എന്നിവയിൽ ഈ ക്ഷേത്രത്തെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. വിഷ്ണുവാണ് പ്രധാന പ്രതിഷ്ഠ. ബദരീനാഥിലെ പ്രധാന പൂജാരിയെ റാവൽജി എന്നാണ് വിളിക്കുക. റാവൽജിക്കു മാത്രമേ ബദരിനാഥന്റെ വിഗ്രഹത്തിൽ സ്പർശിക്കുവാൻ അധികാരമുള്ളൂ. ശങ്കരാചാര്യരുടെ കാലം തൊട്ട് മലയാള ബ്രാഹ്മണർ മാത്രമേ റാവൽജ്ജി ആകാറുള്ളൂ. 

badrinad

കസ്തൂരി രാജ വംശത്തിൻ്റെ കയ്യിലായിരുന്നു ഒരു കാലത്ത് ബദര്യാശ്രമവും മറ്റ് സമീപ സ്ഥലങ്ങളും. നാരായാണ പർവ്വതത്തിന്റെ കീഴിൽ സ്വയംഭൂ ആയി കണ്ട സാളഗ്രാമശില കസ്തൂരി വംശജർ ബദരിനാഥനായി കണ്ട് ആരാധിച്ച് പോന്നു. എന്നാൽ തിബറ്റന്മാരുടെ ആക്രമണത്തിൽ കസ്തൂരി രാജ വംശം തകർന്നു. ബദര്യാശ്രമം അടക്കം സകലതും അവർ തകർത്തെറിഞ്ഞു. ബദരിനാഥന്റെ സ്വയംഭൂ വിഗ്രഹം തകർത്ത് അവർ അളകനന്ദയിൽ എറിഞ്ഞു. പിന്നീട് ശ്രീശങ്കരാചാര്യരാണു ബദരി ക്ഷേത്രം പുനരുദ്ധരിക്കുന്നത്. അളകനന്ദയിൽ മുങ്ങി അദ്ദേഹം ബദരിനാഥൻ്റെ വിഗ്രഹം കണ്ടെടുത്തു. അത് പഴയസ്ഥാനത്ത് തന്നെ പ്രതിഷ്ഠിച്ചു. ക്ഷേത്രം പണിയിച്ചു. കേരള ബ്രാഹ്മണനെ റാവൽജ്ജിയായി അവരോധിച്ചുവെന്നാണ് ചരിത്രം പറയുന്നത്.  

കണ്ണൂരിലെ ഈശ്വരപ്രസാദ് നമ്പൂതിരിയായിരുന്നു കഴിഞ്ഞ 11 വർഷക്കാലമായി ബദരീനാഥിലെ റാവൽജ്ജി. ഇത്രയും നാൾ ഭഗവാനെ സേവിച്ച സംതൃപ്തിയോടെ പടിയിറങ്ങാൻ ഒരുങ്ങുകയാണ് ഇപ്പോൾ ഈശ്വരപ്രസാദ് നമ്പൂതിരി. പ്രായമായ അമ്മയെ പരിചരിക്കുകയെന്ന പുത്രധർമ്മമാണ് ഈശ്വര പ്രസാദ് നമ്പൂതിരിയെ നിലവിലെ സ്ഥാന ത്യാഗത്തിന് പ്രേരിപ്പിച്ചത്. അതും ഒരു ഭഗവദ് നിയോഗം എന്നാണ്  അദ്ദേഹം പറയുന്നത്.

Read more:രണ്ട് തട്ടുകളായുള്ള ശ്രീകോവിലും പുരാണങ്ങളിൽ നിന്നുള്ള കൊത്തുപണികളും; കേരളത്തിലെ പ്രശസ്തമായ 108 ശിവാലയങ്ങളിൽ ഒന്നായ തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്രം

മുഖ്യ റാവൽ ആയി 11 വർഷമായെങ്കിലും അതിനും അഞ്ച് വർഷം മുമ്പ് 2008 ലാണ് ഈശ്വര പ്രസാദ് നമ്പൂതിരി ബദരിയിലെത്തുന്നത്. അഞ്ച് വർഷത്തോളം നൈബ് റാവലായി സേവനമനുഷ്ഠിച്ച ശേഷം ഒരു നിയോഗം പോലെയാണ് 2013 ൽ അദ്ദേഹം മുഖ്യ പൂജാരിയായി ചുമതലയേൽക്കുന്നത്. കനത്ത പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് 11 ആണ്ട് ബദരിയി റാവൽജിയായി സേവനം അനുഷ്ഠിക്കുകയെന്നത് സാധാരണക്കാർക്ക് എളുപ്പമല്ല. കഴിഞ്ഞ അറുപത്തിയഞ്ച് വർഷത്തിനിടെ ഇത്ര ദീർഘമായ കാലം ബദരിനാഥനെ പൂജിക്കാൻ ആർക്കും സാധിച്ചിട്ടില്ലത്രേ. 16 വർഷം നീണ്ട ഈ നിയോഗത്തിന്  ഭഗവത് അനുഗ്രഹം എന്ന്  മാത്രമേ റാവൽജിക്ക് പറയുവാനുള്ളൂ. 

ravalji 1

കണ്ണൂർ ജില്ലയിൽ പരിയാരത്തിനും പിലാത്തറയ്ക്കും ഇടയിലുള്ള വിളയാങ്കോട് ശിവക്ഷേത്രത്തിൽ വച്ച് ശങ്കരാചാര്യർക്കൊപ്പം സഹചാരിയായി കൂടിയ ഒരു ഗോവിന്ദൻ നമ്പൂതിരിയാണത്രേ ബദരിനാഥിലെ ആദ്യത്തെ റാവൽജി. അങ്ങിനെയാണ് ഈ ഹിമാലയ ക്ഷേത്രത്തിൽ മലയാളാചാരത്തിലേക്ക് എത്തുന്നത്. മുൻകാലങ്ങളിൽ തിരുവനന്തപുരത്ത് പദ്മനാഭ സ്വാമി ക്ഷേത്രത്തിലുള്ള പോലെ പുഷ്പാഞ്ജലി സ്വാമിയാർ എന്ന ഒരു സമ്പ്രദായം ഇവിടെയും ഉണ്ടായിരുന്നുവത്രേ. 

ശങ്കര പരമ്പരയിൽ മലയാളാചാരത്തിൽ തന്നെയുള്ള ഒരു സന്യാസി നിത്യപുഷ്പാഞ്ജലിക്ക് ഇവിടെ നിയുക്തനായിരുന്നുവെന്നും പറയപ്പെടുന്നു. സ്വാമിയാരും റാവൽജിയും ചേർന്ന് ക്ഷേത്ര കാര്യങ്ങൾ നിർവ്വഹിച്ചു വന്നു. എന്നാൽ നിലവിൽ അനേകം വർഷമായി അത് പൂർണ്ണമായും നിലച്ചു. റാവൽജി മാത്രമാണ് ഇന്ന് പൂജ ചെയ്യുന്നത്. ബദരിനാഥ് റാവൽജി എന്നത് കേവലം ഒരു ക്ഷേത്ര മേൽശാന്തി എന്നതിനപ്പുറം വലിയ ഒരു ചുമതല കൂടിയാണ്. മുൻപ് ഉത്തരകാശിക്ക് അപ്പുറമുള്ള ആയിരത്തോളം ചെറുഗ്രാമങ്ങൾ ബദരിനാഥ ക്ഷേത്രത്തിനു കീഴിൽ ആയിരുന്നു. ഇവിടത്തെ ഭരണം പോലും റാവൽജ്ജി ആയിരുന്നു നടത്തിയിരുന്നത്.

ravalji2

ഇന്ന് ജനാധിപത്യ സർക്കാർ വന്ന ശേഷവും ബദരി റാവൽജ്ജിക്ക് ഉന്നത പദവി സർക്കാർ തലത്തിൽ ഉണ്ട്. ഉത്തരാഖണ്ഡ് സർക്കാരിന്റെ പ്രത്യേക പദവിയും അദ്ദേഹത്തിനുണ്ട്. ബദരി റാവൽജിയായി ഇക്കാലമത്രയും സേവനമനുഷ്ഠിച്ച ഈശ്വര പ്രസാദ് നമ്പൂതിരിയെ ടെഹരി രാജാവ് മനുജേന്ദ്ര ഷാ സാഹിബ് പട്ടും വളയും നൽകി ആദരിക്കുകയുണ്ടായി. ജൂലൈ 14 ന് പുതിയ റാവൽജിയായി നാലു വർഷമായി നൈബ് റാവൽ ( അസിസ്റ്റന്റ് റാവൽ ) ആയി പ്രവർത്തിക്കുന്ന അമർനാഥ് നമ്പൂതിരിക്ക് ചുമതലയേൽപ്പിച്ച് ഈശ്വര പ്രസാദ് നമ്പൂതിരി ബദരിനാഥിൽ നിന്ന് ഇറങ്ങും. 

കടപ്പാട്: പുടയൂർ ജയനാരായണൻ


 

Tags