എന്താണ് സർപ്പബലി? അറിയേണ്ടതെല്ലാം..

naagam

നഗ്നനേത്രങ്ങളാൽ കാണാനാകുന്ന പ്രത്യക്ഷ ദൈവങ്ങളാണ് നാഗങ്ങൾ എന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ നാഗങ്ങളെ വിധിയാംവണ്ണം ആരാധിക്കുകയും വിശ്വാസത്തോടെ പൂജിക്കുകയും ചെയ്താൽ എത്ര വലിയ ദുരിതത്തിനും പരിഹാരമാകുമെന്നും പറയപ്പെടുന്നു. നാഗം, സർപ്പം എന്നീ രണ്ടുവാക്കുകളും സാധാരണ ഒരേ അർത്ഥത്തിലാണ് ഉപയോഗിക്കുന്നത്. പക്ഷേ താന്ത്രികമായി രണ്ടും രണ്ടാണ്. 

പൊതുവെ നാഗങ്ങൾ വൈഷ്ണവവും സർപ്പങ്ങൾ ശൈവവുമാണ്. അനന്തൻ നാഗവും (വൈഷ്ണവം) വാസുകി, സർപ്പവും (ശൈവം) ആണ്. നാഗത്തിനു വിഷമില്ല; സർപ്പത്തിന് വിഷമുണ്ട്. സർപ്പങ്ങൾക്ക് നാഗങ്ങളെ അപേക്ഷിച്ച് ദേഷ്യം കൂടുതലാണ്. ആകൃതിഭേദമനുസരിച്ച് ചിലതിനെ സർപ്പങ്ങൾ എന്നും മറ്റു ചിലതിനെ നാഗങ്ങൾ എന്നും വിളിക്കുന്നു. 

സ്ഥിരമായി ഒരു സ്ഥലത്തുതന്നെ നില്ക്കുന്നവയാണ് നാഗങ്ങൾ, എന്നാൽ സർപ്പങ്ങൾ സർവ്വവ്യാപിയാണ്. നാഗങ്ങൾ പാതാളത്തിൽ വസിക്കുന്നതായാണ് സങ്കല്പം. ഭൂമിയിലെ അവരുടെ പ്രതീകങ്ങളാണ് സർപ്പങ്ങൾ. ഭഗവദ്ഗീതയിൽ സർപ്പശ്രേഷ്ഠനായ വാസുകിയും നാഗശ്രേഷ്ഠനായ അനന്തനും താൻ തന്നെയാണെന്ന് മഹാവിഷ്ണു സൂചിപ്പിക്കുന്നു. 

naga pooja

കേരളത്തിലാണ് നാഗാരാധന ഏറ്റവും വ്യാപകമായുള്ളത്. സർപ്പപ്രതിഷ്ഠ, അഷ്ടനാഗപൂജ, സർപ്പസംസ്കാരം, സർപ്പബലി, സർപ്പംപാട്ട്, പുള്ളുവപ്പാട്ട്, നാഗത്തെയ്യം, നാഗത്തേറ്റം, കുറുന്തിനിപ്പാട്ട്, നാഗപഞ്ചമി, തിരിയുഴിച്ചിൽ, കമ്പളം, ആയില്യപൂജ, പാൽപ്പായസ ഹോമം, കളമെഴുത്ത്. മഞ്ഞൾപ്പൊടി നേദ്യം, നൂറും പാലും തുടങ്ങിയവയാണ് സർപ്പാരാധനയുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാന അനുഷ്ഠാനങ്ങൾ.

നാഗപ്രീതിക്കായി നടത്തുന്ന ഒരു മഹത്തായ കർമ്മമാണ്  സർപ്പബലിയാണ്. സര്‍പ്പ കളം വരയ്ക്കുക, പൂജ നടത്തുക, പുള്ളുവന്‍ പാട്ട് പാടുക  ഇവയെല്ലാം സര്‍പ്പ ബലിയുടെ ഭാഗങ്ങള്‍ ആണ്. സര്‍പ്പ ബലിയുടെ ഐതിഹ്യത്തിനു ഖണ്ഡവദഹനവുമായി ബന്ധ പെട്ട കഥയാണ്. ഖാണ്ഡവദഹന കഴിഞ്ഞു സമുദ്രത്തില്‍ എത്തിയ തക്ഷകനെ ഒരു പുള്ളുവത്തി കുടത്തില്‍ കയറ്റി രക്ഷപെടുത്തി .അതിനാല്‍ നാഗകര്‍മങ്ങള്‍ക്കും,സര്‍പബലിക്കും പുള്ളുവ സാമീപ്യമു ള്ളതായിതീര്‍ന്നു.സര്‍പ ബലിക്കായി കളം വരച്ചു കഴിഞ്ഞാല്‍  കളത്തില്‍ പൂജ നടത്തുന്നു.ഇതിനു സര്‍വ്വ സര്‍പ്പ പൂജയെന്നു പറയപ്പെടുന്നു. 

നാഗാരാധനാകേന്ദ്രങ്ങളിലും മറ്റും സർപ്പബലി നടത്തുന്നത് പ്രത്യേകം തയ്യാറാക്കിയ മുറിയിലായിരിക്കും. സർപ്പബലിപ്പുരയെന്നാണ് ഇതിനെ പറയുന്നത്. സർപ്പബലി കഴിഞ്ഞാൽ ഉടൻ തന്നെ സർപ്പബലിപ്പുര അടയ്ക്കും. പിറ്റേദിവസം രാവിലെ മാത്രമേ തുറക്കൂ, ഈ സമയത്താണ് സർപ്പങ്ങൾ വന്ന് ബലി സ്വീകരിക്കുന്നത് എന്നാണ് വിശ്വാസം. മനുഷ്യർ അത് കാണാൻ പാടില്ല. 

sarppabali

ഓലമറയ്ക്കുള്ളിലാണ് സർപ്പബലി നടത്തുന്നതെങ്കിൽ പടിഞ്ഞാറായിരിക്കണം ഇതിന്റെ വാതിൽ. ബലിപ്പുര അലങ്കരിച്ച് കളംവരച്ച് നെല്ലും, അരിയും, നാളികേരവും ദർഭകൊണ്ടുള്ള കുർച്ചവും വച്ച് ചണ്ഡേശ്വരനെ സങ്കല്പിച്ച് വേണം പൂജിക്കാൻ. അഷ്ടനാഗങ്ങളെയും മറ്റു നാഗങ്ങളെയും സങ്കല്പിച്ചും പൂജ നടത്തണം. നിവേദ്യം കഴിഞ്ഞ് ഹവിസ്സ് ഉരുളകളായി തൂകണം. അതിനുശേഷം നൂറുംപാലും തർപ്പിച്ച് ചടങ്ങ് അവസാനിപ്പിക്കാം.

എല്ലാ മാസവും ആയില്യത്തിന് ആണ് സർപ്പങ്ങൾക്ക് പ്രാധാന്യമുള്ള ദിവസം. കന്നിമാസത്തിലും തുലാമാസത്തിലും കൂടുതൽ വിശേഷമായി കണക്കാക്കുന്നു. നാഗപ്രീതിക്കായി നടത്തുന്ന പൂജകൾ സർപ്പ ദോഷങ്ങളിൽ നിന്നും രക്ഷിക്കുന്നതിന് പുറമെ കുട്ടികളില്ലാത്ത ദമ്പതികൾക്ക് സന്താനഭാഗ്യം നൽകുകയും ചെയ്യുമെന്നും വിശ്വാസമുണ്ട്.

Tags