സര്‍വ്വ സൗഭാഗ്യങ്ങൾക്കുമായി കുമാര ഷഷ്ഠി വ്രതം; വ്രതമെടുക്കും മുൻപ് ഇക്കാര്യങ്ങൾകൂടി അറിഞ്ഞിരിക്കൂ..

subhrahmnyan

സുബ്രഹ്മണ്യപ്രീതിക്കായി അനുഷ്ഠിക്കുന്ന പ്രധാനപ്പെട്ട വ്രതമാണ് ഷഷ്ഠിവ്രതം. സന്താനലബ്ധിക്കും സന്താനങ്ങളുടെ ക്ഷേമത്തിനും സർവൈശ്വര്യങ്ങൾക്കും സർവകാര്യസാധ്യത്തിനുമായാണ് ഈ വ്രതം അനുഷ്ഠിക്കുന്നത്. മിഥുനമാസത്തിലെ കറുത്ത വാവിനു ശേഷം വരുന്ന വെളുത്തപക്ഷ ഷഷ്ഠി ദിവസമാണ് കുമാര ഷഷ്ഠി. സുബ്രഹ്മണ്യഭഗവാൻ ഭൂമിയിൽ അവതരിച്ചത് ഈ ഷഷ്ഠി ദിനത്തിലായതിനാലാണ് കുമാര ഷഷ്ഠി എന്നറിയപ്പെടുന്നത്.

എല്ലാ മാസത്തിലെയും ഷഷ്‌ഠി ദിനങ്ങൾ സുബ്രഹ്മണ്യപ്രീതികരമായ ദിനങ്ങളാണ്. അന്നേദിവസം വ്രതാനുഷ്ഠാനത്തോടെ കുമാരനെ ഭജിക്കുന്നത് സത്സന്താനലബ്ധിക്കും സന്താനങ്ങളുടെ ക്ഷേമത്തിനും സർവൈശ്വര്യങ്ങൾക്കും സർവകാര്യസാധ്യത്തിനും ഉത്തമമാണ് .

ഒരിക്കൽ പാർവ്വതീദേവിയോടു പിണങ്ങി സുബ്രഹ്മണ്യൻ സർപ്പാകൃതി പൂണ്ട് ഒളിച്ചിരുന്നു. ദുഃഖിതയായ ദേവി 108 ഷഷ്ഠിവ്രതം അനുഷ്ഠിച്ച് പുത്രനെ തിരിച്ചുകൊണ്ടുവന്നു. താരകാസുരനിഗ്രഹത്തിനായി ദേവന്മാരും ഷഷ്ഠിവ്രതമനുഷ്ഠിച്ച് സുബ്രഹ്മണ്യനെ പൂജിച്ചു എന്നും ഐതിഹ്യമുണ്ട്.

ജാതകവശാൽ ചൊവ്വ അനിഷ്ടസ്ഥാനത്തു നിൽക്കുന്നവരും ചൊവ്വയുടെ ദോഷമുള്ളവരും ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നത് ദുരിതമോചനത്തിന് ഉത്തമമാണ്.

sashti vratam

വ്രതാനുഷ്ഠാനം ഇങ്ങനെ:

ഷഷ്ഠിദിനത്തിന് 5 ദിവസം മുൻപേ വ്രതം ആരംഭിക്കുക. അതിനു സാധിക്കാത്തവർ പഞ്ചമിനാളിൽ ഒരിക്കലോടെ ഷഷ്ഠിദിനത്തിൽ മാത്രം വ്രതം അനുഷ്ഠിക്കുന്നവരുമുണ്ട്. മിഥുനമാസത്തിലെ പഞ്ചമി, ഷഷ്ഠി , സപ്തമി അതായത് ജൂൺ 25 , 26, 27 എന്നീ മൂന്നു ദിനങ്ങളും വ്രതാനുഷ്ഠാനത്തോടെ ഭഗവാനെ ഭജിക്കുന്നത് അത്യുത്തമമാണ് . ജ്യേഷ്ഠമാസത്തിലെ പഞ്ചമി സ്കന്ദപഞ്ചമിയെന്നും സപ്തമി സ്കന്ദസപ്തമി എന്നും അറിയപ്പെടുന്നു .

വ്രതദിനത്തിലെല്ലാം കുളി കഴിഞ്ഞതിനു ശേഷം മാത്രം ഭക്ഷണം കഴിക്കുക. രാവിലെയും വൈകിട്ടും സുബ്രഹ്മണ്യനാമ ഭജനം, ഒരിക്കലൂണ് എന്നിവ അഭികാമ്യം. ഷഷ്ഠി ദിവസം ഉപവാസത്തോടെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദർശനവും വഴിപാടുകളും മറ്റും നടത്തി ഉച്ചസമയത്തെ ഷഷ്ഠി പൂജയും തൊഴുത് ക്ഷേത്രത്തിൽ നിന്നു ലഭിക്കുന്ന നേദിച്ച പടച്ചോറും കഴിച്ചു വേണം വ്രതം പൂർത്തിയാക്കാൻ. ഷഷ്ഠിദിനത്തിൽ സന്ധ്യയ്ക്ക് സുബ്രഹ്മണ്യഭജനവും ഷഷ്‌ഠിസ്‌തുതി ചൊല്ലുന്നതും ഉത്തമമാണ്. പിറ്റേന്നു തുളസീതീർഥം സേവിച്ച് പാരണ വിടുന്നു.

വ്രതദിനങ്ങളിൽ പ്രഭാത സ്നാനത്തിനു ശേഷം 10 തവണ സുബ്രഹ്മണ്യ ഗായത്രി ജപിക്കുന്നത് സന്താനങ്ങളുടെ ഇഷ്ടം നേടാനും അവരുടെ ഉയര്‍ച്ചയ്ക്കും ഉത്തമമാണ്. മകയിരം, ചിത്തിര, അവിട്ടം നക്ഷത്രക്കാര്‍ക്കും ജാതകത്തില്‍ മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം എന്നീ രാശികളില്‍ ചൊവ്വ നില്‍ക്കുന്നവര്‍ക്കും സുബ്രഹ്മണ്യ ഗായത്രി സ്ഥിരമായി ജപിക്കാവുന്നതാണ്.

സുബ്രഹ്മണ്യ ഗായത്രി:

സനത്കുമാരായ വിദ്മഹേ

ഷഡാനനായ ധീമഹി

തന്നോ സ്കന്ദ: പ്രചോദയാത്

പൊതുവേ സുബ്രഹ്മണ്യപ്രീതികരമായ മന്ത്രങ്ങൾ 21 പ്രാവശ്യം വീതമാണ് ജപിക്കേണ്ടത്. സുബ്രഹ്മണ്യ സ്വാമിയുടെ മൂലമന്ത്രമായ ഓം വചദ്ഭുവേ നമ: സുബ്രഹ്മണ്യരായമായ ഓം ശരവണ ഭവ:എന്നിവ കുമാര ഷഷ്ഠി ദിനത്തിൽ 108 തവണ ജപിക്കുന്നത് ശ്രേഷ്ഠമാണ്.


 

Tags