ഈ ക്ഷേത്രത്തിലെ വിഗ്രഹത്തിൽ വറ്റൽ മുളകരച്ചു തേച്ചാൽ ആഗ്രഹിച്ചകാര്യം നടക്കും..

masani temple

വ്യത്യസ്തവുമായ ആചാര അനുഷ്ടാനങ്ങൾ കൊണ്ട് പേരുകേട്ട ക്ഷേത്രമാണ് തമിഴ്നാട്ടിലെ അണ്ണാമലൈ മസാനി അമ്മൻ ക്ഷേത്രം. പൊള്ളാച്ചിയിൽ നിന്നും ഏകദേശം 25 കിലോമീറ്റർ അകലെ, ആളിയാർ പുഴയുടെ തീരത്ത്, ആനമല മലനിരകളിലാണ് ഈ പുണ്യക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീരാമൻ നിർമിച്ചതാണ് ഈ ക്ഷേത്രത്തിലെ അമ്മൻ വിഗ്രഹമെന്നാണ് പറയപ്പെടുന്നത്. അതുമാത്രമല്ല രാമ-രാവണ യുദ്ധത്തിനു മുൻപ് ശ്രീരാമ ദേവൻ ഈ ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ചിട്ടാണ് പോയതെന്നും വിശ്വസിക്കപ്പെടുന്നു. ക്ഷേത്രത്തിലെ വിശേഷ ദിവസങ്ങൾ ചൊവ്വയും വെള്ളിയുമാണ്. ജനുവരി മാസത്തിലാണ് ഉത്സവം നടക്കാറ്. ഉത്സവത്തിന്റെ അവസാന ദിനത്തിൽ തീയാട്ടവും ഇവിടെ നടക്കാറുണ്ട്. 

മലർന്നു കിടക്കുന്ന ദേവീപ്രതിഷ്ഠയാണ് ഇവിടെയുള്ളത്. പതിനഞ്ചടി നീളത്തിൽ മണ്ണിലാണ് മലർന്നു കിടക്കുന്ന രൂപത്തിലുള്ള ദേവി വിഗ്രഹം തീർത്തിരിക്കുന്നത്. കാൽച്ചുവട്ടിൽ ദേവിയുടെ പുത്രനെന്ന സങ്കല്പത്തിൽ ഒരു ചെറുരൂപവുമുണ്ട്.

അതേസമയം ഏറെ വിചിത്രമായ ഒരു ആചാരമുണ്ട് ഈ അമ്മൻ കോവിലിൽ. മുളകരച്ച് വിഗ്രഹത്തിൽ തേച്ചാൽ ആഗ്രഹിച്ച കാര്യങ്ങൾക്കു അനുകൂലമായ ഫലം ലഭിക്കുമെന്നാണ് വിശ്വാസികൾ പറയുന്നത്. വെറുതെ മുളകരച്ച് തേസിച്ചാൽ മാത്രം പോരാ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുകയും വേണം എങ്കിലേ ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളു..

devi

മൂന്ന് തവണ ശിലയിൽ മുളകരച്ചതു തേക്കണം. ഇങ്ങനെ ചെയ്തതിനു ശേഷം തിരിഞ്ഞു നോക്കാതെ ആഗ്രഹിച്ച കാര്യം പ്രാർത്ഥിച്ചുകൊണ്ട് വേണം ക്ഷേത്രത്തിൽ നിന്നും പുറത്തേക്കിറങ്ങാൻ. അതിനു ശേഷം മറ്റെവിടെയും പോകാതെ സ്വഗൃഹത്തിലേക്കു മടങ്ങണം. വിശന്നാൽ മാത്രം ഭക്ഷണം കഴിക്കാൻ എവിടെയെങ്കിലും ഇറങ്ങാം. അല്ലാതെ വേറെയെവിടെയെങ്കിലും  തങ്ങുന്നത് പ്രാർത്ഥന വിഫലമാക്കാനിടയുണ്ട്. ഇപ്രകാരം ചെയ്താൽ ആഗ്രഹിച്ച കാര്യം മൂന്നുമാസത്തിനുള്ളിൽ നടക്കുമെന്നാണ് പറയപ്പെടുന്നത്. 

ഫലസിദ്ധി ലഭിച്ചു കഴിഞ്ഞാൽ പിന്നീട് ഒരു തവണ കൂടി ക്ഷേത്രത്തിൽ എത്തണം. മുളകരച്ചു തേച്ച കല്ലിൽ കരിക്കു കൊണ്ട് അഭിഷേകം നടത്തി നമ്മുടെ സന്തോഷവും ദേവിയോടുള്ള നന്ദിയും പ്രകടിപ്പിക്കണം. അപ്പോൾ മാത്രമാണ് പ്രാർത്ഥന പൂർത്തിയാകുന്നത്. സ്ത്രീകളുടെ ആർത്തവ സമയത്തെ വയറുവേദന പോലുള്ള അസ്വസ്ഥതകൾക്ക് ഇവിടെയെത്തി പ്രാർത്ഥിക്കുന്നത് നല്ലതാണെന്നാണ് പറയപ്പെടുന്നത്. അതുപോലെ തന്നെ സങ്കടങ്ങൾ എഴുതി ദേവിയുടെ കൈയിൽ കൊടുക്കുന്നത്‌ ദുരിതശമനത്തിനു നല്ലതാണെന്നും പറയപ്പെടുന്നു.

Tags