ബിഹാറിൽ അഞ്ചുവയസ്സുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ച യുവാവിന് ഏത്തമിടൽ ശിക്ഷ

iuygfhjk

പട്ന : അഞ്ചുവയസ്സുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ച യുവാവിന് ഏത്തമിടൽ ശിക്ഷ . ബിഹാറിലെ നവാഡയിലാണ് സംഭവം. ശിക്ഷയുടെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി. ചോക്ലേറ്റ് നൽകാമെന്ന് പറഞ്ഞാണ് ഇയാൾ കുട്ടിയെ തന്റെ കോഴി ഫാമിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തതെന്നായിരുന്നു ആരോപണം. ഇയാളെ നാട്ടുകാർ നാട്ടുകൂട്ടത്തിന് മുന്നിൽ ഹാജരാക്കി. എന്നാൽ വിചിത്രമായാണ് പഞ്ചായത്ത് ശിക്ഷ വിധിച്ചത്. ഇയാൾ കുട്ടിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്ന് പഞ്ചായത്ത് വിധിച്ചു. പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോകുക മാത്രമാണ് ഇയാൾ ചെയ്ത കുറ്റമെന്നും അതുകൊണ്ടുതന്നെ ഏത്തമിട്ടാൽ മതിയെന്നും നാട്ടുകൂട്ടം ശിക്ഷ വിധിച്ചു. 

വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തിനെതിരെ ശക്തമായ പ്രതിഷേധമുയർന്നു. ഗ്രാമീണ ഇന്ത്യയിൽ ഇക്കാലത്തും നീതി നടപ്പാക്കുന്നത് ഇങ്ങനെയാണെന്ന് ആരോപണമുയർന്നു. നടപടി ആവശ്യപ്പെട്ട് സോഷ്യൽമീഡിയ ആക്ടിവിസ്റ്റുകൾ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനും ഉപമുഖ്യമന്ത്രി തേജസ്വി യാദവിനും ടാ​ഗ് ചെയ്ത് വീഡിയോ പ്രചരിപ്പിച്ചു. എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതികൾക്കെതിരെ നടപടിയെടുക്കുമെന്നും പൊലീസ് സൂപ്രണ്ട് ഗൗരവ് മംഗ്ല പറഞ്ഞു. സംഭവം ഒതുക്കാൻ ശ്രമിച്ചവരെ പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Share this story