ഭർത്താവിന്റെ ആദ്യഭാര്യയിലുണ്ടായ ഏഴു വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി യുവതി

crime

ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ ഭർത്താവിന്റെ ആദ്യഭാര്യയിലുണ്ടായ ഏഴു വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി യുവതി. രഷ്മി എന്ന പെൺകുട്ടിയാണ് രണ്ടാനമ്മയുടെ കൊലപാതകത്തിനിരയായത്. പെൺകുട്ടിയുടെ പിതാവായ ഘനശ്യാം കൂലിത്തൊഴിലാളിയാണ്. രോ​ഗം മൂലം മൂന്നു വർഷം മുമ്പ് ഇയാളുടെ ഭാര്യ മരിച്ചു. പിന്നീട് ഘനശ്യാം വിധവയായ ഭാരതി ദേവി എന്ന യുവതിയെ വിവാഹം ചെയ്തു. ഇവർക്ക് ഒന്നും നാലും വയസ്സുള്ള രണ്ട് മക്കളുണ്ട്.

ഘനശ്യാമിനൊപ്പമുള്ള ജീവിതം ഇഷ്ടമില്ലാത്തതിനാലാണ് യുവതി ഏഴുവയസ്സുകാരിയായ മകളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. മകളോട് സ്നേഹം പ്രകടിപ്പിക്കുന്നതിൽ ഭാരതി ദേവി അസൂയാലുവായിരുന്നു എന്ന് ഘനശ്യാം പൊലീസിനോട് പറഞ്ഞു. കുട്ടി ഉറങ്ങിക്കിടക്കുമ്പോളാണ് കഴുത്തു ഞെരിച്ച് കൊന്നത്. മകളെ കൊലപ്പെടുത്തിയ സംഭവത്തിൽ ഘനശ്യാം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതി ദേവിക്കെതിരെ എഫ് ഐആർ തയ്യാറാക്കിയിട്ടുണ്ട്. 

മകളെ കൊലപ്പെടുത്തിയെന്ന് ഭാരതി ദേവി കുറ്റസമ്മതം നടത്തിയതായും സാഹചര്യത്തെളിവുകൾ അത് തന്നെയാണ് വ്യക്തമാക്കുന്നതെന്നും ഘനശ്യാം പറഞ്ഞതായി സർക്കിൾ ഓഫീസർ തേജ്‍വീർ സിം​ഗ് മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകക്കുറ്റമാണ് ഭാരതിദേവിക്ക് മേൽ ചുമത്തിയിരിക്കുന്നത്. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായി പൊലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു. 

Share this story