വാട്ട്‌സ്ആപ്പ് ഹാക്കിങ് വ്യാപകം;പരിഹരിക്കാൻ പോലുമാകാതെ ഇരകൾ

WhatsApp
WhatsApp

വെണ്ണല: വാട്ട്‌സ്ആപ്പ് നമ്പര്‍ ഹാക്ക് ചെയ്തതിനുപിന്നാലെ ആ ഫോണിലുള്ള വാട്ട്‌സ്ആപ്പ് നമ്പറുകള്‍ ഹാക്ക് ചെയ്യുന്ന തട്ടിപ്പ് വ്യാപകമാവുന്നു.കൊച്ചിയില്‍ പി.ആര്‍. മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അജിത് കുമാറാണ് പരാതിയുമായി സൈബര്‍ പോലീസിനെ സമീപിച്ചത്. ഇതുമായി ബന്ധപ്പെട്ട് സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ഇദ്ദേഹമുള്‍പ്പെടെ പുതുതായി നിലവില്‍ വന്ന ഫ്‌ളാറ്റ് സമുച്ചയത്തിലെ താമസക്കാര്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇദ്ദേഹത്തിന്റെ ഫോണിലേക്ക് കൂട്ടത്തിലുള്ള ഒരാളുടെ ഫോണില്‍നിന്ന് ഒ.ടി.പി. നമ്പര്‍ ഫോര്‍വേഡ് ചെയ്യാന്‍ ആവശ്യപ്പെട്ടുള്ള സന്ദേശം ലഭിക്കുന്നത്. ഗ്രൂപ്പിന്റെ കാര്യം ചര്‍ച്ച ചെയ്തതിനാല്‍ മറ്റൊന്നും ചിന്തിക്കാതെ ഒ.ടി.പി. അയച്ചുകൊടുത്തു. ഇതോടെയാണ് ഇദ്ദേഹത്തിന്റെ വാട്ട്‌സ്ആപ്പ് ഹാക്ക് ചെയ്യപ്പെടുന്നത്.

പിറ്റേന്ന് പരാതിക്കാരന്റെ ഫോണില്‍നിന്ന് നഗരത്തിലെ പ്രധാന ബാങ്കുകളിലൊന്നിലെ ഉന്നതനോട് അത്യാവശ്യമായി യു.പി.ഐ. വഴി 10,000 രൂപ നല്‍കാന്‍ അഭ്യര്‍ഥിച്ച് മറ്റൊരു സന്ദേശമെത്തി. ഇദ്ദേഹത്തിന് സന്ദേശത്തില്‍ പന്തികേട് തോന്നി അക്കൗണ്ട് വിവരങ്ങള്‍ ചോദിച്ചെങ്കിലും പണം നല്‍കിയില്ല. ഇതിനു പിന്നാലെയാണ് വാട്ട്‌സ്ആപ്പ് ഹാക്ക് ചെയ്യപ്പെട്ടത് ഇവരെല്ലാം തിരിച്ചറിയുന്നത്.

ഉടന്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കി. ഹാക്ക് ചെയ്യുന്ന നമ്പര്‍ ഉള്‍പ്പെട്ട വിവിധ ഗ്രൂപ്പുകളിലേക്കും കോണ്‍ടാക്ടുകളിലേക്കും കടന്നുകയറി അവരെയെല്ലാം ഹാക്ക് ചെയ്യാനാവുമെന്നതാണ് അപകടം. കൂടാതെ, ഹാക്ക് ചെയ്യപ്പെട്ടാല്‍ വാട്ട്‌സ്ആപ്പ് മുഖേന പങ്കുവെയ്ക്കുന്ന സന്ദേശങ്ങള്‍, ചിത്രങ്ങള്‍, വിഡിയോ എന്നിവയെല്ലാം തട്ടിപ്പുകാര്‍ക്കും കിട്ടും.

ഇക്കാര്യം 'തന്റെ വാട്സാപ്പ് ഹാക്ക് ചെയ്തു' എന്ന മുന്നറിയിപ്പ് മെസേജ് ഗ്രൂപ്പുകളിലും സുഹൃത്തുക്കള്‍ക്കും അയച്ചാലും ഈ മെസേജ് തട്ടിപ്പുകാര്‍ തന്നെ ഡിലീറ്റ് ചെയ്യുകയാണ്. ഇക്കാര്യം വാട്ട്‌സ്ആപ്പ് മാതൃകമ്പനിയായ മെറ്റയുമായി ബന്ധപ്പെട്ട് പരിഹരിക്കാന്‍ പോലും തട്ടിപ്പിനിരയായവര്‍ക്ക് സാധിക്കുന്നില്ലെന്നും വളരെ ആസൂത്രിതമായാണ് തട്ടിപ്പുകാര്‍ പ്രവര്‍ത്തിക്കുന്നതെന്നും പരാതിക്കാര്‍ പറയുന്നു.

Tags