വര്‍ക്കലയിൽ വ്യാജരേഖ ചമച്ച് ബാങ്കിൽനിന്ന് പണം തട്ടാൻ ശ്രമിച്ച സ്ത്രീകൾ പിടിയിൽ

google news
fcvb

വര്‍ക്കല: വ്യാജരേഖ ചമച്ച് വനിതാ സംഘങ്ങള്‍ക്കുള്ള വായ്പയുടെ പേരില്‍ കേരള ബാങ്കിന്റെ വര്‍ക്കല പുത്തന്‍ചന്ത ശാഖയില്‍ നിന്നും 81 ലക്ഷം രൂപയുടെ തട്ടിപ്പിന് ശ്രമിച്ച രണ്ടു സ്ത്രീകള്‍ അറസ്റ്റിലായി. വര്‍ക്കല ചെറുകുന്നം കണ്ണങ്കര വീട്ടില്‍ സല്‍മ (42), വര്‍ക്കല ശ്രീനിവാസപുരം അരുണഗിരിയില്‍ രേഖാ വിജയന്‍ (33) എന്നിവരെയാണ് വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തത്.

വര്‍ക്കല നഗരസഭ സി.ഡി.എസിന്റെ ലെറ്റര്‍പാഡും സി.ഡി.എസ്. മെമ്പര്‍ സെക്രട്ടറി, ചെയര്‍പേഴ്സണ്‍ എന്നിവരുടെ സീലും ഒപ്പും വ്യാജമായി നിര്‍മിച്ചാണ് തട്ടിപ്പിന് ശ്രമിച്ചത്. ബാങ്ക് അധികൃതര്‍ക്ക് തോന്നിയ സംശയത്തെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് തട്ടിപ്പിനുള്ള ശ്രമം കണ്ടെത്തിയത്. സി.ഡി.എസിന്റെ ശുപാര്‍ശപ്രകാരം സ്ത്രീകളുടെ ചെറിയ സംഘങ്ങള്‍ക്ക് സഹകരണ ബാങ്കുകള്‍ വായ്പ നല്‍കാറുണ്ട്.

ഇതിനായി അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടുന്ന 29 ഗ്രൂപ്പുകള്‍ ഇവര്‍ ഉണ്ടാക്കി. വായ്പ അനുവദിക്കാന്‍ ബാങ്കിന് നഗരസഭ സി.ഡി.എസിന്റെ അംഗീകാരം വേണം. അതിനായാണ് പ്രതികള്‍ സി.ഡി.എസിന്റെ ലെറ്റര്‍പാഡും മെമ്പര്‍ സെക്രട്ടറിയുടെയും ചെയര്‍പേഴ്സന്റെയും സീലുകളും വ്യാജമായി നിര്‍മിച്ചത്. തുടര്‍ന്ന് ശുപാര്‍ശക്കത്തും അഫിലിയേഷന്‍ സര്‍ട്ടിഫിക്കറ്റും തയ്യാറാക്കിയാണ് വായ്പയ്ക്കായി അപേക്ഷിച്ചത്.

ഒരാളിന് 60,000 രൂപ വച്ച് അഞ്ചു സ്ത്രീകളടങ്ങുന്ന 27 യൂണിറ്റുകള്‍ക്കായാണ് വായ്പയ്ക്ക് അപേക്ഷ നല്‍കിയത്. പല അപേക്ഷകളിലും കൈയക്ഷരവും ഒപ്പും വ്യത്യസ്തമായി കാണപ്പെട്ടതോടെയാണ് ബാങ്ക് അധികൃതര്‍ക്ക് സംശയമായത്.

സംശയം പ്രകടിപ്പിച്ചെങ്കിലും സ്ത്രീകള്‍ നിഷേധിച്ചു. ലെറ്റര്‍പാഡില്‍ നല്‍കിയിരുന്ന ഫോണ്‍നമ്പര്‍ തട്ടിപ്പ് നടത്തിയ സ്ത്രീയുടേതായിരുന്നു. വിളിക്കുമ്പോള്‍ അവരാണ് ഫോണ്‍ എടുത്തിരുന്നത്. സംശയം തോന്നിയ ബാങ്ക് അധികൃതര്‍ നേരിട്ട് നഗരസഭയുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞു തുടങ്ങിയത്.

നഗരസഭയില്‍ നിന്നും ഇത്തരത്തില്‍ കത്ത് നല്‍കിയിട്ടില്ലെന്ന് സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ അറിയിച്ചു. പരിശോധനയില്‍ തട്ടിപ്പ് നടന്നതായി മനസ്സിലാക്കിയ ബാങ്ക് അധികൃതര്‍ പോലീസിനെ വിവരമറിയിച്ചു. നഗരസഭാ ഉദ്യോഗസ്ഥരും പരാതി നല്‍കി. തുടര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കല്‍ നിന്നു വ്യാജ സീലുകളും വ്യാജ ലെറ്റര്‍ പാഡുകളും വ്യാജ അഫിലിയേഷന്‍ സര്‍ട്ടിഫിക്കറ്റുകളും കണ്ടെടുത്തു.

പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വ്യാജരേഖകള്‍ ചമയ്ക്കുന്നതിന് മറ്റാരുടെയെങ്കിലും സഹായം ലഭ്യമായിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സമാന രീതിയില്‍ മുമ്പും തട്ടിപ്പ് നടന്നോയെന്നും അന്വേഷിക്കുമെന്ന് വര്‍ക്കല ഇന്‍സ്പെക്ടര്‍ എസ്.സനോജ് അറിയിച്ചു.

Tags