വയനാട്ടിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡിനെ ഹെൽമറ്റ് കൊണ്ട് മുഖത്തടിച്ച സംഭവം : പ്രതി പിടിയിൽ

shukkur
shukkur

കൽപ്പറ്റ: വയനാട്ടിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡിനെ ഹെൽമറ്റ് കൊണ്ട് മുഖത്തടിച്ച് പരിക്കേൽപ്പിച്ചയാൾ പിടിയിൽ. കമ്പളക്കാട് ടൗണിൽ ഗവ. എൽ.പി. സ്‌കൂൾ ജംങ്ഷനിൽ ട്രാഫിക് കൺട്രോൾ ഡ്യൂട്ടി ചെയ്തു വരികയായിരുന്ന ഹോം ഗാർഡിനെയാണ് ഇയാൾ ആക്രമിച്ചു പരിക്കേൽപ്പിച്ചത്. 

കമ്പളക്കാട് പൊലീസ് സ്‌റ്റേഷൻ പരിധിയിലെ വെളുത്ത പറമ്പത്ത് വീട്ടിൽ അബ്ദുൾ ഷുക്കൂർ(58)നെയാണ്  അറസ്റ്റ് ചെയ്തത്. സംഭവ ശേഷം ഒളിവിൽ പോയ പ്രതി കൽപ്പറ്റ ജില്ല സെക്ഷൻസ് കോടതി മുമ്പാകെ മുൻകൂർ ജാമ്യത്തിനായി അപേക്ഷ നൽകിയിരുന്നെങ്കിലും നിരസിക്കപ്പെട്ടിരുന്നു. തുടർന്ന് ഹൈക്കോടതി നിർദേശ പ്രകാരം കമ്പളക്കാട് പൊലീസ് സ്റ്റേഷനിൽ ഹാജരായ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 2024 നവംബർ 25ന് രാവിലെയാണ് സംഭവം. 

നോ പാർക്കിംഗ് ബോർഡിന് താഴെ പാർക്ക് ചെയ്ത കെ.എൽ. 12 എൻ 0787 നമ്പർ സ്‌കൂട്ടറിന്റെ ഫോട്ടോ എടുത്തതിന്റെ വിരോധത്തിലായിരുന്നു ആക്രമണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഹോം ഗാർഡിനെ തടഞ്ഞു നിർത്തി ഹെൽമറ്റ് കൊണ്ട് മുഖത്തടിക്കുകയും വണ്ടിക്ക് ഫൈൻ അടിച്ചാൽ ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. മുകൾ വരിയിലെ പല്ല് ഇളകി പരിക്ക് പറ്റിയ ഹോം ഗാർഡ് ആശുപത്രിയിൽ ചികിത്സ തേടിയതായാണ് പൊലീസ് അറിയിച്ചത്.

Tags