കോന്നിയിൽ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; പിന്തുടർന്ന് മോചിപ്പിച്ച് ഭർത്താവ്


കോന്നി: കോന്നിയിൽ അതിഥിത്തൊഴിലാളിയുടെ ഭാര്യയെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. കോന്നി മങ്ങാരം വരിക്കോലിൽതുണ്ടിൽ അനിൽകുമാർ (48), മങ്ങാരം കിഴക്കേടത്ത് ശിവപ്രസാദ് (42) എന്നിവരെയാണ് കോന്നി പോലീസ് എസ്.എച്ച്. ഒ.പി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. പ്രതികളെ കോടതി റിമാൻഡുചെയ്തു.
ഐരവണിൽ താമസിക്കുന്ന അസം സ്വദേശിയുെട ഭാര്യയെ 14-ന് രാത്രി അവർ താമസിക്കുന്ന വീട്ടിൽകയറി അനിൽകുമാർ ബലമായി പിടിച്ചിറക്കി ബൈക്കിൽ കയറ്റിക്കൊണ്ടുപോയി. സംഭവം അറിഞ്ഞ ഭർത്താവ് സഞ്ജയ് മണ്ഡൽ എത്തി ഭാര്യയെ മോചിപ്പിച്ചു.
സംഭവത്തിനുശേഷം സഞ്ജയ് മണ്ഡൽ കോന്നി നാരായണപുരം മാർക്കറ്റിന് സമീപത്തുകൂടെ നടന്നുപോകുമ്പോൾ അനിൽകുമാറും ശിവപ്രസാദും ചേർന്ന് ഇയാളെ മർദ്ദിച്ചു. ഇരുവരേയും പിടികൂടിയ പോലീസ് ചോദ്യംചെയ്തപ്പോഴാണ് പീഡനശ്രമം അറിയുന്നത്.