പരിപാടിക്കിടെ ഒച്ചയുണ്ടാക്കി ; തിരുവനന്തപുരത്ത് സർക്കാർ സ്കൂളിൽ നിന്ന് ഓട്ടിസം ബാധിച്ച വിദ്യാർഥിയെ പുറത്താക്കിയതായി പരാതി

school

തിരുവനന്തപുരം : പരിപാടിക്കിടെ ഒച്ചയുണ്ടാക്കിയതിന്റെ പേരിൽ സർക്കാർ സ്കൂളിൽ നിന്ന് ഓട്ടിസം ബാധിച്ച വിദ്യാർഥിയെ പുറത്താക്കിയതായി പരാതി. തൈക്കാട് മോഡൽ എൽ.പി സ്കൂളിലെ പ്രിൻസിപ്പലാണ് കുട്ടിയെ പുറത്താക്കിയത്.

കുട്ടി തുടർന്ന് പഠിച്ചാൽ അത് സ്കൂളിന്റെ നിലനിൽപ്പിനെ ബാധിക്കുമെന്നാണ് പ്രിൻസിപ്പൽ പറയുന്ന ന്യായീകരണം. മണക്കാട് സ്വദേശികളായ ദമ്പതികളുടെ മകനെയാണ് പുറത്താക്കിയത്.

സ്കൂളിൽ നടന്ന പൊതുപരിപാടിക്കിടെ കുട്ടി ശബ്ദമുണ്ടാക്കിയതാണ് പ്രിൻസിപ്പലിനെ പ്രകോപിപ്പിച്ചത്. തുടർന്ന് കുട്ടിയുടെ അമ്മയെ വിളിച്ചു വരുത്തി ടി.സി വാങ്ങാൻ നിർബന്ധിക്കുകയായിരുന്നു. എന്നാൽ കുട്ടിയെ സ്കൂളിൽ നിന്ന് മാറ്റാൻ മൂന്നുമാസം സമയം ചോദിച്ചപ്പോൾ ഒരാഴ്ചക്കുള്ളിൽ മാറ്റണം എന്നും നിഷ്കർഷിച്ചു.

ഈ കുട്ടി ഇവിടെ പഠിച്ചാല്‍ മറ്റു കുട്ടികള്‍ സ്‌കൂളില്‍ വരില്ലെന്നും സ്‌കൂള്‍ അടച്ചുപൂട്ടേണ്ടിവരുമെന്നുമെല്ലാം പ്രധാനാധ്യാപകന്‍ പറഞ്ഞുവെന്നും അമ്മ പറയുന്നു. ദൂരപരിധിയാണ് ട്രാന്‍സ്ഫര്‍ വാങ്ങി പോകാനുള്ള കാരണമെന്ന് ടി.സി അപേക്ഷയില്‍ ചേർക്കണമെന്നും പ്രിന്‍സിപ്പല്‍ നിര്‍ബന്ധിച്ചതായും ആരോപണമുണ്ട്.

Tags