പോക്സോ കേസ് : മലപ്പുറത്ത് മുൻ അധ്യാപകൻ റിമാൻഡിൽ
Former teacher remanded in Malappuram


മലപ്പുറം: പോക്സോ കേസില്‍ അറസ്റ്റിലായ മ‍ുന്‍ അധ്യാപകന്‍ കെ.വി.ശശികുമാറിനെ റിമാന്‍ഡ് ചെയ്തു. മഞ്ചേരി പോക്സോ കോടതിയിലാണ് ശശികുമാറിനെ ഹാജരാക്കിയത്. മുത്തങ്ങയിലെ ഹോംസ്റ്റേയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മലപ്പുറം നഗരസഭാ മുൻ കൗണ്‍സിലര്‍ കൂടിയായ ശശികുമാറിനെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മോശം ഉദ്ദേശ്യത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു എന്ന പരാതിയുമായി ഇയാൾക്കെതിരെ നിരവധി പൂര്‍വ വിദ്യാര്‍ത്ഥികള്‍ ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചിരുന്നു. 

പോക്സോ കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴാം ദിവസമാണ് കെ.വി.ശശികുമാറിനെ അറസ്റ്റ് ചെയ്യാനായത്. വയനാട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ശശികുമാറിനെ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസെത്തി കസ്റ്റഡിയിലെടുത്തത്. മുപ്പത് വര്‍ഷത്തോളം എയ‍്ഡഡ് സ്കൂളില്‍ അധ്യാപകനും മൂന്നുതവണ നഗരസഭാ കൗണ്‍സിലറുമായിരുന്ന ശശികുമാറിനെതിരെ ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ പൂര്‍വ വിദ്യാര്‍ത്ഥിനി മീടൂ ആരോപണം ഉന്നയിച്ചത്. ഈ മാസം ഏഴിന് നേരിട്ട് പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. സ്കൂള്‍ പഠന കാലയളവില്‍ മോശം ഉദ്ദേശ്യത്തോടെ സ്പര്‍ശിച്ചു എന്നായിരുന്നു പൂര്‍വ വിദ്യാര്‍ത്ഥിനിയുടെ പരാതി. മറ്റ് വിദ്യാർത്ഥിനികളും പരാതിയുമായി എത്തിയതോടെ ഡിഡിഇയില്‍ നിന്ന് വിദ്യാഭ്യാസ മന്ത്രി വിശദമായ റിപ്പോര്‍ട്ട് തേടിയിരുന്നു.അറസ്റ്റ് വൈകിയതില്‍ പ്രതിഷേധിച്ച് നേരത്തെ വിദ്യാര്‍ത്ഥി യുവജനസംഘടകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ബ്രാഞ്ച് കമ്മിറ്റി അംഗമായ ശശികുമാറിനെ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ സിപിഎം പുറത്താക്കിയിരുന്നു.

Share this story