16 വയസുകാരനോടൊപ്പം ഒളിച്ചോടിയ 10 വയസുകാരിയെ കണ്ടെത്തി
ഗാന്ധിനഗർ: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 16 വയസുകാരനോടൊപ്പം ഒളിച്ചോടിയ 10 വയസുകാരിയെ മണിക്കൂറുകൾക്കകം കണ്ടെത്തി. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്.
ഡിസംബർ 31നാണ് അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയെ ഗുജറാത്തിലെ ധന്സുര ഗ്രാമത്തിലെ വീട്ടിൽ നിന്ന് കാണാതായത്. തുടർന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് വീട്ടുകാർ പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും ആൺകുട്ടിയും ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്തതായി കണ്ടെത്തുകയായിരുന്നു. ഇവർ മൂന്ന് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഒളിച്ചോടാനുള്ള പദ്ധതി തയ്യാറാക്കിയതായും കണ്ടെത്തി.
പെൺകുട്ടിയുടെ അച്ഛന് സമൂഹ മാധ്യമങ്ങളെക്കുറിച്ച് ഒന്നും അറിയില്ല. അതിനാൽ അമ്മയുടെ ഫോണിൽ നിന്നാണ് പെൺകുട്ടി ഇൻസ്റ്റാഗ്രാം ഉപയോഗിച്ചിരുന്നത്. അടുത്ത ഗ്രാമത്തിലുള്ള ആൺകുട്ടിയുമായി പരിചയപ്പെട്ട പെൺകുട്ടി നിരന്തരം ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു. പെൺകുട്ടിയെ കണ്ടെത്തി പൊലീസ് കുട്ടിയെ വീട്ടുകാർക്ക് കൈമാറി.