നെടുമ്പാശ്ശേരിയിൽ എം.ഡി.എം.എയുമായി യുവതിയും യുവാവും പിടിയിൽ
നെടുമ്പാശ്ശേരി: 100 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിൽ. ആലുവ സെമിനാരിപ്പടി കൊച്ചുപണിക്കോടത്ത് ആസിഫ് അലി (26), കൊല്ലം കന്നിമേൽച്ചേരി മകം വീട്ടിൽ ആഞ്ജല (22) എന്നിവരെയാണ് റൂറൽ ജില്ല ഡാൻസാഫ് സംഘവും നെടുമ്പാശ്ശേരി പൊലീസും ചേർന്ന് പിടികൂടിയത്. ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബംഗളൂരുവിൽനിന്ന് വന്ന ബസിൽനിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പിടികൂടിയ രാസലഹരിക്ക് ഒമ്പതുലക്ഷത്തിലേറെ രൂപ വിലവരും.
ഇൻസ്റ്റഗ്രാമിലൂടെയാണ് യുവതിയെ ആസിഫ് അലി പരിചയപ്പെട്ടത്. തുടർന്ന് ലിവിങ് ടുഗതറായി കഴിഞ്ഞ് വരുകയായിരുന്നു. ഇരുവരും ചേർന്ന് രണ്ടു പ്രാവശ്യം രാസലഹരി കേരളത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ടെന്ന് പൊലീസിനോട് പറഞ്ഞു. മയക്കുമരുന്ന് കടത്തുകാരനാണെന്ന് അറിയാതെയാണ് ഇയാളോടൊപ്പം കൂടിയതെന്നാണ് യുവതി പറയുന്നത്. വീട്ടിലിരുന്ന് ഓൺലൈൻ ട്രേഡിങ്ങായിരുന്നു ആഞ്ജല ചെയ്തിരുന്നത്.