എം.ഡി.എം.എയുമായി അഞ്ചംഗ സംഘം അറസ്റ്റിൽ
കൊണ്ടോട്ടി: പുതുവത്സരാഘോഷത്തിനായെത്തിച്ച മാരക രാസ ലഹരി വസ്തുവായ എം.ഡി.എം.എയുമായി അഞ്ചംഗ സംഘം കരിപ്പൂര്‍ പൊലീസിന്റെ പിടിയിലായി.
കോഴിക്കോട് തിരുവമ്പാടി ആനക്കാംപൊയില്‍ മങ്ങാട്ടുപറമ്പില് ജാനിസ് (34), കൊണ്ടോട്ടി പുളിക്കല്‍ അന്തിയൂര്‍കുന്ന് മങ്ങാട്ടീരി മുഹമ്മദ് ഷരീഫ് (31), നെടിയിരുപ്പ് മുസ് ലിയാരങ്ങാടി പാടത്ത് ഫാരിസ് (29), ഒളവട്ടൂര്‍ ചെറുമുറ്റം മുഹമ്മദ് ഷാഫി (36), നെടിയിരുപ്പ് മണ്ണാരംകുന്ന് വീട്ടില്‍ പ്രവീണ്‍ (30) എന്നിവരാണ് അറസ്റ്റിലായത്. വില്പനക്കായി സൂക്ഷിച്ച 15 ഗ്രാം എം.ഡി.എം.എയും ലഹരി വസ്തു കടത്തിക്കൊണ്ടുവന്ന കാറും തൂക്കി വില്‍ക്കുന്നതിനുള്ള ഇലക്ട്രിക് ത്രാസും പിടികൂടി.
പൊലീസ് സംഘം നടത്തിയ പരിശോധനയില്‍ കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന് സപീപത്തുവെച്ച് ചൊവ്വാഴ്ച രാത്രിയാണ് പിടിയിലായത്. വന്‍ ലഹരിക്കടത്ത് സംഘത്തിലെ കണ്ണികളാണ് പിടിയിലായവരെന്നും ഇവരെ ചോദ്യം ചെയ്തതില്‍നിന്ന് സംഘത്തിലെ മറ്റുള്ളവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും കേസില്‍ തുടരന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും അന്വേഷണസംഘം അറിയിച്ചു.