മലപ്പുറത്ത് നിരവധി വഞ്ചനക്കേസുകളിലെ പ്രതി അറസ്റ്റില്‍
vanjana

തൃശൂര്‍: നിരവധി വഞ്ചനക്കേസുകളിലെ പ്രതി അറസ്റ്റില്‍. മലപ്പുറം അരീക്കോട് ഉറനാട്ടിരി നടുവത്തുചാലില്‍ ഹസൈനാര്‍ എന്ന അറബി ഹസൈനാര്‍ (62) ആണ് അറസ്റ്റിലായത്. പെരിന്തല്‍മണ്ണ സ്വദേശി സുഹയെ കബളിപ്പിച്ച് രണ്ടായിരം രൂപയും നാലരപ്പവന്‍ സ്വര്‍ണം കവര്‍ന്ന കേസിലാണ് അറസ്റ്റ്. 

വീടുവയ്ക്കാന്‍ പെരുന്തല്‍മണ്ണ മുനിസിപ്പാലിറ്റിയില്‍ അപേക്ഷ നല്‍കാന്‍ പോയ സുഹ്‌റയെ കോട്ടയ്ക്കലുള്ള അറബിയുടെ പക്കല്‍നിന്നു സഹായം വാങ്ങിത്തരാമെന്നു പറഞ്ഞാണ് കബളിപ്പിച്ചത്. തൃശൂരിലുള്ള യത്തീംഖാനയിലാണ് അറബിയെന്നു പറഞ്ഞു കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിലെത്തിച്ചശേഷം സ്വര്‍ണാഭരണങ്ങള്‍ കണ്ടാല്‍ സഹായം ലഭിക്കില്ലെന്നു പറഞ്ഞു ഊരി വാങ്ങിയശേഷം നിസ്‌കരിക്കാനെന്ന പേരില്‍ മുങ്ങുകയായിരുന്നു.

2020 മുതല്‍ കേരളത്തിനു പുറത്തുപോയ പ്രതി, മൊബൈല്‍ നമ്പര്‍ പലവട്ടം മാറ്റിയതിനാല്‍ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. കഴിഞ്ഞമാസം തിരുവനന്തപുരത്തെത്തിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയെങ്കിലും വീണ്ടും ഇയാള്‍ സംസ്ഥാനം വിട്ടു.

തുടര്‍ന്നു പ്രതിയുടെ മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ചു ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനിടെയാണു തൃശൂരില്‍നിന്നു പിടികൂടിയത്. മലപ്പുറം, പാലക്കാട്, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ സമാന തട്ടിപ്പു നടത്തിയതിന് ഇയാള്‍ക്കെതിരേ വിവിധ സ്റ്റേഷനുകളില്‍ കേസുണ്ട്. ഈസ്റ്റ് എസ്.എച്ച്്.ഒ. പി. ലാല്‍കുമാര്‍, എസ്.ഐ. എ. ജോര്‍ജ് മാത്യു, ജി.എ.എസ്.ഐ: സി.എന്‍. ഗോപിനാഥന്‍, സി.പി.ഒമാരായ പി. ഹരീഷ്, വി.ബി. ദീപക്ക്, സൈബര്‍സെല്‍ ഉദ്യോഗസ്ഥരായ സുഹൈല്‍ ബാസിത്, കെ.എസ്. ശരത് എന്നിവര്‍ ചേര്‍ന്നാണു പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.

Share this story