മഹാരാഷ്ട്രയിയിൽ അച്ഛനും മകനും അയൽവാസിയെ തലയറുത്ത് കൊലപ്പെടുത്തി

crime
crime

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ അച്ഛനും മകനും ചേർന്ന് അയൽവാസിയെ തലയറുത്ത് കൊലപ്പെടുത്തി. അറുത്തെടുത്ത തലയുമായി പൊലീസ് സ്റ്റേഷനിൽ പോയി കീഴടങ്ങി. ഗുലാബ് രാമചന്ദ്ര വാഗ്മറെ(35) ആണ് കൊല്ലപ്പെട്ടത്.

ഡിൻഡോരി താലൂക്കിലെ നനാഷി ഗ്രാമത്തിൽ ബുധനാഴ്ച പുലർച്ചെയാണ് സംഭവം. 40 കാരനായ സുരേഷ് ബോകെയും മകനും ചേർന്നാണ് അയൽവാസിയായ ഗുലാബ് രാമചന്ദ്ര വാഗ്മറെയെ കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് യുവാവിന്റെ തലയും കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളായ കോടാലിയും അരിവാളുമായി നാനാഷി ഔട്ട്‌പോസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. പൊലീസ് സുരേഷ് ബോകെയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും മകനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

കൊല്ലപ്പെട്ട ഗുലാബ് രാമചന്ദ്ര വാഗ്മറെയുടെ കുടുംബവും സുരേഷ് ബോകെയുടെ കുടുംബവും തമ്മിൽ ദീർഘകാലമായി തർക്കത്തിലായിരുന്നു. സുരേഷിന്റെ മകളെ ഒളിച്ചോടാൻ ഗുലാബ് സഹായിച്ചുവെന്ന സംശയത്തിലാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് നിഗമനം.

സംഭവമറിഞ്ഞ നാട്ടുകാർ സുരേഷിന്റെ വീട് അടിച്ച് തകർക്കുകയും കാർ കത്തിക്കുകയും ചെയ്തു. കൊലപാതകത്തെ തുടർന്ന് ഗ്രാമത്തിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായതിനാൽ പൊലീസ് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.

Tags