യുവാവിനും പൊലീസിനും നേരെ ആക്രമണം നടത്തിയ കൊള്ളി നിയാസ് പിടിയിൽ
കൊല്ലം: പൊലീസ് ഉദ്യോഗസ്ഥനെയും യുവാവിനെയും ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ. കിളികൊല്ലൂർ ഒരുമനഗർ നിഷാദ് മൻസിലിൽ കൊള്ളി നിയാസ് എന്ന നിയാസാണ് (31) കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്.
നിയാസും സംഘവും മുൻവിരോധത്തെ തുടർന്ന് വ്യാഴാഴ്ച രാത്രി മണ്ണാമലയിൽ നടന്ന ക്രിക്കറ്റ് മത്സരത്തിൽ സുഹൃത്തുക്കൾക്കൊപ്പം പങ്കെടുക്കുകയായിരുന്ന കിളികൊല്ലൂർ സ്വദേശി അനസിനെ ആക്രമിക്കുകയായിരുന്നു. തുടർന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച അനസിനെ നിയാസും സംഘവും പിന്തുടർന്ന് ആക്രമിച്ചു.
വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ കിളികൊല്ലൂർ പൊലീസ് നിയാസിനെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പൊലീസ് ഉദ്യോഗസ്ഥനെയും ആക്രമിക്കുകയായിരുന്നു. പിടിയിലായ കൊള്ളി നിയാസ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.