കൊച്ചിയിൽ എം.ഡി.എം.എയുമായി ആറു പേർ പിടിയിൽ


മട്ടാഞ്ചേരി : 400 ഗ്രാം എം.ഡി.എം.എയും മറ്റു ലഹരിവസ്തുക്കളുമായി യുവതി ഉൾപ്പെടെ ആറ് യുവാക്കളെ അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് കേസുകളും ഫോർട്ട്കൊച്ചി, പള്ളുരുത്തി സ്റ്റേഷൻ പരിധികളിൽ ഓരോ കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. കൊച്ചി സിറ്റി ഡാൻസാഫും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
ഉദ്യോഗസ്ഥ സംഘം മട്ടാഞ്ചേരിയിലെ ഹോട്ടലിലും പനയപ്പിള്ളി അയ്യൻ മാസ്റ്റർ ലൈനിലെ വീട്ടിലും നടത്തിയ പരിശോധനയിലാണ് രാസലഹരി പിടികൂടിയത്. ഹോട്ടലിൽ നിന്ന് മട്ടാഞ്ചേരി സ്വദേശി റിഫാസ് റഫീക്ക് (27), മഹാരാഷ്ട്രയിലെ പൂണെ സ്വദേശി അയിഷ ഗഫാർ സെയ്ത് (39) എന്നിവർ പിടിയിലായി. ഇവരിൽനിന്ന് 15 ലക്ഷം രൂപയോളം വില വരുന്ന 300 ഗ്രാം എം.ഡി.എം.യും 6.8 ഗ്രാം കഞ്ചാവും മൂന്ന് ലക്ഷം രൂപയും പിടിച്ചെടുത്തു.